ആദ്യഘട്ട മഹാരാഷ്ട്ര, ജാർഖണ്ഡ് സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും
ആദ്യഘട്ട മഹാരാഷ്ട്ര, ജാർഖണ്ഡ് സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയിൽ 260 സീറ്റുകളിൽ ധാരണയായി. മഹായുതി സഖ്യം സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവിടുമെന്നാണു സൂചന. ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്.
മഹാരാഷ്ട്രയിൽ ബിജെപി 150 സീറ്റുകളിലാണ് മത്സരത്തിന് ഒരുങ്ങുന്നത്. ഇതില്‍ ആദ്യ 50 സ്ഥാനാർഥികളുടെ പട്ടികയാകും ഇന്ന് പുറത്തുവിടുന്നത്. മഹാവികാസ് അഘാഡി സഖ്യത്തിൽ 25 സീറ്റുകളിലാണ് അവസാനഘട്ട ചർച്ച പുരോഗമിക്കുന്നത്. അന്തിമപട്ടിക പൂർത്തിയായി വരും മണിക്കൂറിൽ ഹൈക്കമാന്‍ഡിനു കൈമാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. 260 സീറ്റുകളിൽ ഒറ്റക്കെട്ടായി മത്സരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായിരിക്കുകയാണ്. ജെഎംഎമ്മിന് 43, കോൺഗ്രസിന് 29, ആർജെഡിക്ക് 5, സിപിഐ എംഎൽ 4 സീറ്റുകളിൽ മത്സരിക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധി ഇന്ന് ജാർഖണ്ഡ് സന്ദർശിക്കുന്നുണ്ട്. സീറ്റ് വിഭജനം പൂർത്തിയായ എൻഡിഎ സഖ്യത്തിൽ ബിജെപി 68 സീറ്റുകളിലും എജെഎസ്‍യു 10 ഇടത്തും ജെഡിയു രണ്ടിലും എൽജെപി ഒരു സീറ്റിലും മത്സരിക്കും.