ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ ഏപ്രിൽ 26ന്, ജൂൺ നാലിന് ഫലം അറിയാം
ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഇതിൽ രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. ജൂൺ നാലിന് ഫലം അറിയാം.
വിഗ്യാൻ ഭവനിൽ നടന്ന വാർത്താസമ്മേളനത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതികൾ പ്രഖ്യാപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
26 സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇത് പാർലമെന്റ് ഇലക്ഷൻ സമയത്തുതന്നെ നടക്കുന്നതായിരിക്കും. ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും. സിക്കിമിൽ ഏപ്രിൽ 19നും ഒഡിഷയിൽ അരുണാചലിൽ ആന്ധ്രയിൽ മേയ് 13, എന്നിങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഒഡീഷയിൽ രണ്ട് ഘട്ടമായായിരിക്കും നടക്കുക.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85ന് മുകളിൽ പ്രായമുള്ളവർക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കും'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടിൽവച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായാധിക്യം മൂലം അവശനിലയിൽ ആയി പുറത്തിറങ്ങാൻ പ്രയാസമനുഭവിക്കുന്നവർക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാൻ പോകാൻ ബുദ്ധിമുട്ടുന്നവർക്കുമെല്ലാം ഈ സൗകര്യം ഏറെ ആശ്വാസകരമായിരിക്കും. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളാണുള്ളത്. 1.5 കോടി പോളിങ് ഉദ്യോഗസ്ഥർ വോട്ടിങ് പ്രക്രിയയിൽ പങ്കാളികളാകും.
പുരുഷ വോട്ടർമാർ 49.7 കോടിയും സ്ത്രീ വോട്ടർമാർ 47.1 കോടിയുമാണ്. യുവ വോട്ടർമാർ 19.74 കോടിയാണ് രാജ്യത്തുള്ളത്. നൂറ് വയസുള്ള 2.18 കോടി വോട്ടർമാരും 1.8 കോടി വോട്ടർമാരും രാജ്യത്തുണ്ട്. 48000പേരാണ് ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിൽ നിന്നുള്ള വോട്ടർമാർ. 82 വയസ് കഴിഞ്ഞ വോട്ടർമാർ 82 ലക്ഷമാണ്. 88.4ലക്ഷം ഭിന്നശേഷി വോട്ടർമാരുമുണ്ട്. 55 ലക്ഷമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുള്ളത്.
കുടിവെള്ളം, ശൗചാലയം, വീൽച്ചെയർ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും വോട്ടിംഗ് കേന്ദ്രങ്ങളിൽ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.