നിയമസഭാ മാർച്ചിനിടെ ലാത്തിച്ചാർജ്; ബിജെപി നേതാവ് മരണപ്പെട്ടു.
ബിജെപിയുടെ നേതൃത്വത്തിൽ ബിഹാർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിലാണ് ബിജെപി നേതാവ് വിജയ് കുമാർ സിംഗ് കൊല്ലപ്പെട്ടത്. ഗാന്ധി മൈതാനിൽ നിന്നാരംഭിച്ച മാർച്ച് ഡാക്ബംഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് പൊലീസിന്റെ ലാത്തിചാർജുണ്ടായത്. പരുക്കേറ്റ വിജയ് കുമാർ സിങിനെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി ജഹാനാബാദ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു വിജയ് കുമാർ സിംഗ്. ലാത്തിച്ചാർജിനിടെ നിരവധി ബിജെപി പ്രവർത്തകർക്ക് പരുക്കേറ്റു. ലാത്തിചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടതിനു പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി പ്രതികരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി നിതീഷ് കുമാറിനാണെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപക നിയമന ചട്ടം ഭേദഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണു ബിജെപി നിയമസഭാ മാർച്ച് സംഘടിപ്പിച്ചത്. ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ച ശേഷമാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്. അതേസമയം, വിജയ് കുമാർ സിങിന്റെ മരണകാരണം വ്യക്തമല്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം .