സീറ്റ് നിഷേധിച്ചു; കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക്
കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി കോൺഗ്രസിൽ ചേരും. ബിജെപി സീറ്റ് നിഷേധിച്ചതിനുപിന്നാലെ അനുയായികളുടെ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ സ്വതന്ത്രനായി രംഗത്തിറങ്ങുമെന്നും സൂചനയുണ്ട്. ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ രാംദുർഗ്, ജയനഗർ, ബെളഗാവി നോർത്ത് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു വിരമിക്കുകയാണെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.എസ്.ഈശ്വരപ്പ നഡ്ഡയ്ക്ക് കത്തെഴുതി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ തട്ടകമായ വരുണയിൽ അദ്ദേഹത്തിനെതിരെ മത്സരിക്കാൻ ആവശ്യപ്പെട്ടതാണു കാരണം. 75–ാം വയസ്സിൽ ചാവേറാകാനില്ലെന്ന് ഈശ്വരപ്പ പറയുന്നു.
189 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹാവേരിയിലെ ഷിഗ്ഗാവിൽ നിന്നു തന്നെ മത്സരിക്കും. മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ ശിക്കാരിപുര സീറ്റിൽ നിന്ന് മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്ര ജനവിധി തേടും.