രാജ്യത്ത് 10 അതീവ സുരക്ഷാ മേഖല പട്ടികയിൽ കൊച്ചിയും ഇടം നേടി
അതീവ സുരക്ഷാ മേഖലയായി കൊച്ചിയെ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കുണ്ടന്നൂർ മുതൽ എംജി റോഡുവരെയാണ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. ഇതോടെ ഈ മേഖലകളിൽ ചില നിയന്ത്രണങ്ങൾ നിലവിൽവരും.
ഇന്ത്യൻ സേനയുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങൾ ഉള്ള മേഖലകളെയാണ് അതീവ സുരക്ഷ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയുൾപ്പെടെ 10 നഗരങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. നാവിക സേന ആസ്ഥാനവും, കപ്പൽ ശാലയും ഉൾപ്പെടുന്ന മേഖയാണ് കൊച്ചി. ഈ സാഹചര്യത്തിലാണ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.
ഇതോടെ കുണ്ടന്നൂർ മുതൽ എംജി റോഡുവരെയുള്ള പ്രദേശത്ത് ദേശീയ സുരക്ഷാ നിയമവും, ഒഫീഷ്യൽ സീക്രട്‌സ് ആക്ടും ബാധകമാവും. കേരളത്തിന് പുറമേ മദ്ധ്യപ്രദേശ്, രാജസ്ഥാൻ , ബിഹാർ, തെലങ്കാന, ചത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലാണ് അതീവ സുരക്ഷാ മേഖലകൾ ഉള്ളത്.
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ രണ്ട് വീതവും, ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ഒന്ന് വീതവുമാണ് അതീവ സുരക്ഷാ മേഖലയുള്ളത്. സേനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുള്ള സ്ഥലങ്ങളിൽ ചാരവൃത്തിയ്ക്ക് സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അതീവ സുരക്ഷാ മേഖലകൾ പ്രഖ്യാപിക്കുന്നത്.