വിജയം ഉറപ്പിച്ചു ഖർഗെ, ആഘോഷത്തിനൊരുങ്ങി വീട്
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചു മല്ലികാർജുൻ ഖർഗെ. ഖർഗെ 3000 വോട്ടുകള്‍ കടന്നു. ശശി തരൂര് 400 വോട്ടുകള്‍ കടന്നു. അതേസമയം ആഘോഷങ്ങൾക്കായി ഒരുങ്ങി ഖർഗെയുടെ വീട്. വീടിന് മുന്നിൽ അധ്യക്ഷനായി തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടുള്ള ബോർഡും പ്രത്യക്ഷപ്പെട്ടു. വീട്ടുമുറ്റത്ത് മുറ്റത്ത് വിരുന്നിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.
ഖർഗെയുടെ വീട്ടിലേക്ക് രാവിലെ മുതൽ തന്നെ പ്രവർത്തകർ എത്തി തുടങ്ങിയിരുന്നു. രാവിലെ നേതാക്കളും എത്തി ഖർഗെയെ കണ്ടിരുന്നു. കോൺഗ്രസ് നേതാവ് ഗൗരവ് വല്ലഭ് ഖർഗെയുടെ വീട്ടിൽ എത്തുകയും ആഘോഷങ്ങൾ ഒരുക്കങ്ങൾ ആരംഭിക്കുകയും ആയിരുന്നു. ഖർഗെയുടെ വിജയം ഉറപ്പെന്ന് ഗൗരവ് പറഞ്ഞു.
അതേസമയം വോട്ടെണ്ണല്‍ നടപടികള്‍ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. അട്ടിമറി ജയം ഉണ്ടാകുമെന്ന് തരൂർ ക്യാംപ് അവകാശപ്പെട്ടു. എത്ര വോട്ട് കിട്ടുമെന്ന് കൃത്യം പറയാനാകില്ല. അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കിയ സംഭവവുമുണ്ടായി.
ഉത്തർപ്രദേശിലെ വോട്ടുകൾ പ്രത്യേകം എണ്ണണമെന്ന തരൂരിന്‍റെ ആവശ്യം അംഗീകരിച്ചു. 1200 ഓളം വോട്ടുകളാണ് യുപിയില്‍ നിന്നുള്ളത്. തെരഞ്ഞെടുപ്പ് ഫലത്തെ ഈ വോട്ടുകള്‍ ബാധിക്കുമെങ്കില്‍ മാത്രം ഈ വോട്ടുകള്‍ പിന്നീട് എണ്ണും.