ഭക്ഷണംപോലും രാഷ്ട്രീയമാക്കാൻ ശ്രമം; ജയിലിൽ ഇൻസുലിൻ എടുക്കാൻ അനുവദിക്കണം: ഇ.ഡിക്കെതിരെ കേജ്‌രിവാൾ കോടതിയിൽ
തന്റെ ഭക്ഷണം പോലും രാഷ്ട്രീയവൽക്കരിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശ്രമിക്കുന്നതെന്നും തരംതാണ നീക്കമാണിതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കോടതിയിൽ പറഞ്ഞു. ഡോക്ടർ നിർദേശിച്ച ഭക്ഷണക്രമമാണു താൻ പിന്തുടരുന്നതെന്നും ജയിലിൽ ഇൻസുലിൻ എടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമേഹമുള്ളതിനാൽ ഡോക്ടറുമായി എല്ലാ ദിവസവും വിഡിയോ കോൺഫറൻസിങ് നടത്താൻ അനുമതി തേടി കേജ്‌രിവാൾ നൽകിയ ഹർജി, ഇ.ഡി സ്പെഷൽ കോടതി പരിഗണിച്ചപ്പോഴായിരുന്നു ഈ വാദങ്ങൾ. വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റി. അരവിന്ദ് കേജ്‌രിവാളിനു ജയിൽ അധികൃതർ നിർദേശിച്ച ക്രമമനുസരിച്ചല്ല അദ്ദേഹത്തിന്റെ വീട്ടിൽ നിന്നു ഭക്ഷണം ലഭ്യമാക്കിയതെന്നു കോടതി നിരീക്ഷിച്ചു.
മെഡിക്കൽ വിദഗ്ധരുടെ സഹായത്തോടെ തയാറാക്കിയ ഭക്ഷണക്രമത്തിൽ മാമ്പഴം ഉൾപ്പെട്ടിരുന്നില്ലെന്ന് പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ജാമ്യം നേടാനാണു കേജ്‌രിവാളിന്റെ ശ്രമമെന്നും ഇ.ഡി കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു.