കശ്മീര്‍ ഫയല്‍സിനെ മേളയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു; ഐഎഫ്എഫ്ഐ ജൂറി ചെയർമാൻ
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കശ്മീര്‍ ഫയല്‍സിനെ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ്. സമാപന ചടങ്ങിലാണ് അദ്ദേഹം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടം നേടിയത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. ഇതുപോലുള്ള സിനിമ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ലെന്നും നാദവ് ലാപിഡ് പറഞ്ഞു.
'രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. അതു വലിയ തോതിൽ ചർച്ചയ്ക്കും വഴിവച്ചു. എന്നാൽ 15ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും– ദി കശ്മീർ ഫയൽസ്. അത് ഒരു പ്രോപ്പഗൻഡ (പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയുള്ള പ്രചരണം)യായി തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിൽ അനുചിതമായ ഒരു അപരിഷ്കൃത സിനിമയായി തോന്നി' അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിലായിരുന്നു ലാപിഡിന്റെ പരാമർശം.
വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രം 1990 കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ഇന്ത്യന്‍ പനോരമയിലും അന്താരാഷ്ട്ര മത്സരവിഭാഗത്തിലും പ്രദര്‍ശനത്തിനെത്തി.