'ചിലപ്പോള്‍ തെറ്റാണെന്ന് തോന്നാം; പശുക്കളെ മോഷ്ടിച്ചാല്‍ നടുറോഡില്‍ വെടിവെച്ചിടും'; പശുമോഷണം കൂടിയതോടെ മുന്നറിയിപ്പുമായി കര്‍ണാടക മന്ത്രി
പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡ ജില്ലയില്‍ പശുമോഷണം കൂടിയതോടെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കര്‍ണാടക ഫിഷറീസ്- തുറമുഖ ഉള്‍നാടന്‍ ഗതാഗത മന്ത്രിയാണ് മങ്കല സുബ്ബ വൈദ്യ.
'നമ്മള്‍ എല്ലാദിവസവും പശുവിന്‍ പാല് കുടിക്കുന്നു. നമ്മള്‍ വാത്സല്യത്തോടയും സ്‌നേഹത്തോടെയും കാണുന്ന മൃഗമാണ് പശു. പശുക്കളെ മോഷ്ടിക്കുന്നത് ആരായാലും നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്', കര്‍വാറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
ചിലപ്പോള്‍ തെറ്റാണെന്ന് തോന്നാം, പക്ഷേ മോഷണം സംശയിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടാന്‍ താന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബി.ജെ.പിയുടെ കാലത്തും പശുമോഷണം വ്യാപകമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഭരണകാലത്ത് ആരും ഭയപ്പെടേണ്ടതില്ല. പശുക്കളും പശുവിനെ പരിപാലിക്കുന്നവരും സര്‍ക്കാരിന്റെ കാലത്ത് സുരക്ഷിതരായിരിക്കുമെന്നും മങ്കല സുബ്ബ വൈദ്യ കൂട്ടിച്ചേര്‍ത്തു.