കാർഷിക വായ്പ: മുതൽ അടച്ചാൽ പലിശ എഴുതിത്തള്ളുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
സഹകരണ ബാങ്കുകൾ വഴിയുള്ള കാർഷിക വായ്പയുടെ മുതൽ തിരിച്ചടച്ചാൽ പലിശ സർക്കാർ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭാ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഇടത്തരം, ദീർഘകാല വായ്പകൾക്കാണ് ഇതു ബാധകം. വരൾച്ചാക്കെടുതി ഏറ്റവുമധികം ബാധിച്ച വടക്കൻ കർണാടകയിലെ കർഷകർക്കായിരിക്കും ഇതേറെ ഗുണം ചെയ്യുന്നത്. 2 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ മുഴുവനായി എഴുതിത്തള്ളാൻ സർക്കാർ തയാറാകണമെന്നു ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബിജെപി പ്രകടന പത്രികയിൽ 1 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ഒരു രൂപ പോലും എഴുതിത്തള്ളാൻ യെഡിയൂരപ്പ സർക്കാർ തയാറായിരുന്നില്ലെന്ന കാര്യം മുഖ്യമന്ത്രി സഭയെ ഓർമിപ്പിച്ചു. ഇതേത്തുടർന്നുള്ള വാഗ്വാദത്തിനിടെ ബിജെപി അംഗങ്ങൾ സഭാസമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ ഇറങ്ങിപ്പോയി.