'ആവശ്യപ്പെട്ട ഒന്നുപോലും ലഭിച്ചില്ല; കേന്ദ്ര ബജറ്റിൽ കർണാടകയോട് അനീതി കാണിച്ചു': രൂക്ഷമായി വിമർശിച്ച് സിദ്ധരാമയ്യ
രാജ്യത്ത് ഏറ്റവും കൂടുതൽ നികുതിയൊടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. എന്നാൽ, ബിഹാറിന് കൂടുതൽ ഫണ്ട് അനുവദിച്ചു. ആന്ധ്രപ്രദേശിന് രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായി അധിക വിഹിതം ലഭിച്ചെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
മേക്കേദാട്ടു, ഭദ്ര അപ്പർ ബാങ്ക്, മഹാദായി, കൃഷ്ണ അപ്പർ ബാങ്ക് എന്നിവയുൾപ്പെടെ നിർണായക ജലസേചന പദ്ധതികൾക്ക് ഫണ്ടനുവദിച്ചില്ല. കഴിഞ്ഞ ബജറ്റിൽ ഭദ്ര അപ്പർ ബാങ്ക് പദ്ധതിക്ക് കേന്ദ്രം 5300 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒരുരൂപപോലും അനുവദിച്ചിട്ടില്ല.
റായ്ച്ചൂരിൽ എയിംസ് ആശുപത്രി ബജറ്റിൽ ഉൾപ്പെടുത്താത്തതിനെയും മുഖ്യമന്ത്രി വിമർശിച്ചു. നഗരപ്രദേശങ്ങളിലെ ഭവനനിർമാണത്തിന് കേന്ദ്രം 1.5 ലക്ഷം രൂപയാണ് നൽകുന്നത്. ഈ തുക അഞ്ചു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പരിഗണിച്ചില്ല.
ഗ്രാമപ്രദേശങ്ങളിൽ മൂന്നു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതും നിരസിക്കപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം ഈ വർഷം 86,000 കോടിയായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.