കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം;വിമർശിച്ച് കർണാടക ബിജെപി
വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി. സഹായധനം അനുവദിക്കാനുള്ള സർക്കാരിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് കർണാടക ബി.ജെ.പി. അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു.
രാഹുൽഗാന്ധിയെ പ്രീതിപ്പെടുത്താൻ കർണാടകയിലെ നികുതിദായകരുടെ പണം സർക്കാർ ദുരുപയോഗം ചെയ്യുന്നത് അപമാനകരമാണെന്നും മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനായ വിജയേന്ദ്ര എക്സിൽ കുറിച്ചു. രാഹുൽഗാന്ധിയുടെ മണ്ഡലത്തിൽ മരിച്ച വ്യക്തിയെ ആക്രമിച്ചത് കർണാടകയിൽനിന്നുള്ള ആനയാണെന്ന് തെറ്റായി കുറ്റപ്പെടുത്തുന്നത് വഞ്ചനയാണ്. സംസ്ഥാനം വരൾച്ച നേരിടുകയും നൂറുകണക്കിന് കർഷകർ ആത്മഹത്യചെയ്യുമ്പോഴും അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിനേക്കാൾ രാഹുൽഗാന്ധിയെ പ്രീതിപ്പെടുത്താനാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും വിജയേന്ദ്ര കുറ്റപ്പെടുത്തി.
കേരളസർക്കാരിൽനിന്നും ജനപ്രതിനിധികളിൽനിന്നും ആവശ്യമുയർന്നതോടെയാണ് സഹായധനം അനുവദിച്ചതെന്ന് കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ അറിയിച്ചിരുന്നു. രാഹുൽഗാന്ധിയുടെ നിർദേശാനുസരണം കെ.സി. വേണുഗോപാൽ ബന്ധപ്പെട്ടതിനെത്തുടർന്നാണ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായധനം പ്രഖ്യാപിച്ചതെന്ന് രാഹുലിന് അയച്ച കത്തിൽ വനംമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.