Begin typing your search...

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് ശരത് പവാർ; ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷ നിലപാടിനോടു യോജിപ്പില്ല

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് ശരത് പവാർ; ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷ നിലപാടിനോടു യോജിപ്പില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങളിന്മേൽ അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന പ്രതിപക്ഷ നിലപാടിനോടു യോജിപ്പില്ലെന്ന് എൻസിപി മേധാവി ശരദ് പവാർ. ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്റിലും പുറത്തും കേന്ദ്ര സർക്കാരിനെതിരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണു കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപിയുടെ നിലപാടുമാറ്റം.

''ആ വിഷയത്തിന് അമിതപ്രാധാന്യമാണു നൽകിയത്. നമ്മൾ ഇതുവരെ അവരെപ്പറ്റി (ഹിൻഡൻബർഗ്) കേട്ടിട്ടില്ല. എന്താണ് അവരുടെ പശ്ചാത്തലം? അവർ ചില വിഷയങ്ങൾ ഉന്നയിച്ചതോടെ രാജ്യത്താകെ ഒച്ചപ്പാടുണ്ടായി. അതു നമ്മുടെ സമ്പദ് വ്യവസ്ഥയെയാണു ബാധിച്ചത്. ഇതൊന്നും കണ്ടില്ലെന്നു നടിക്കാനാവില്ല. പ്രത്യേക ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നാണു തോന്നുന്നത്. ഒരു വ്യവസായ ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടത്. അവർ തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷിക്കണം. ജെപിസി അന്വേഷണം വേണമെന്ന് പാർലമെന്റിൽ ആവശ്യമുയർന്നു.

ജെപിസി അന്വേഷണത്തിൽ എനിക്ക് വ്യത്യസ്തമായ നിലപാടാണുള്ളത്. നേരത്തേ പല വിഷയങ്ങളിലും ജെപിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജെപിസി അന്വേഷണം ആവശ്യപ്പെടുന്നത് തെറ്റല്ല. പക്ഷേ അതിന്റെ ആവശ്യമെന്താണ്? പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം പാർലമെന്റ് സമിതിയെ നിയോഗിച്ചാൽ അതിന്റെ മേൽനോട്ടം ഭരണകക്ഷിക്കായിരിക്കും. അപ്പോൾ എങ്ങനെയാണ് ഭരിക്കുന്ന പാർട്ടിക്കെതിരായ ആരോപണങ്ങളിൽ സത്യം പുറത്തുവരിക? വിവാദം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച സുപ്രീം കോടതിയുടെ നടപടി സ്വാഗതാർഹമാണ്.''– ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശരദ് പവാർ പറഞ്ഞു.

പവാറിന്റെ പ്രസ്താവനയോടു സൂക്ഷിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ''എൻസിപിക്ക് വ്യത്യസ്തമായ വീക്ഷണമുണ്ടായിരിക്കാം. പക്ഷേ, പ്രധാനമന്ത്രിയും അദാനി ഗ്രൂപ്പും തമ്മിലുള്ള ബന്ധം യാഥാർഥ്യമാണെന്നും വളരെ ഗുരുതരമാണെന്നുമാണ് ഒരേ മനസ്സുള്ള 19 പാർട്ടികൾ കരുതുന്നത്. എൻസിപി ഉൾപ്പെടെയുള്ള 20 പാർട്ടികൾ ബിജെപിയുടെ വിഭജന അജൻഡയ്ക്കെതിരെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഒത്തൊരുമയിലാണ്''– കോൺഗ്രസ് വക്താവ് ജയ്‍‌റാം രമേഷ് പറഞ്ഞു.

Ammu
Next Story
Share it