മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്
മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസിൽ ഇരുകക്ഷികളുടെയും വാദം പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് വിധി പ്രസ്താവം.
പരമാവധി വധശിക്ഷയോ, അതല്ലെങ്കിൽ ജീവപര്യന്തം തടവോ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആദ്യ നാല് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 2008 സെപ്റ്റംബർ 30നാണ് സൗമ്യയെ പ്രതികൾ വെടിവച്ചുകൊന്നത്. സൗമ്യ കൊല്ലപ്പെട്ട് 15 വർഷങ്ങൾക്കുശേഷം ഒക്ടോബർ പതിനെട്ടിനാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവർക്ക് ക്രമിനിൽ പശ്ചാത്തലമുണ്ടെന്നും അഞ്ച് പേരും കൊലപാതകത്തിൽ പങ്കുണ്ടെന്നും കുറ്റക്കാരാണെന്നുമായിരുന്നു ഒക്ടോബര്‍ 18ലെ കോടതി വിധി. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് കേസിൽ പ്രതികള്‍ കുറ്റക്കാരാണെന്ന വിധി വന്നത്.
വിധി കേൾക്കാൻ സൗമ്യയുടെ മാതാപിതാക്കളും അന്ന് കോടതിയിലെത്തിയിരുന്നു. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവർച്ചക്ക് എത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കേസിൽ 5 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ മൂന്നുപേർ നടത്തിയ മറ്റൊരു കൊലപാതകത്തിൽ നിന്നാണ് പൊലീസിന് സൗമ്യയുടെ കേസിലെ തെളിവ് ലഭിച്ചത്.
ദില്ലിയിൽ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ 'ഹെഡ്‌ലൈൻസ് ടുഡേ' ചാനലിൽ മാധ്യമപ്രവർത്തകയായിരുന്നു സൗമ്യ വിശ്വനാഥൻ. 2008 സെപ്റ്റംബർ 30-ന് ഹെഡ് ലെയിൻസ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെൽസൺ മൺഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.
പിന്നീട് സൗത്ത് ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അപകട മരണമാണ് എന്ന സംശയം ഉയർന്നു. വിദഗ്ധ പരിശോധനയ്‌ക്കൊടുവിൽ തലയ്‌ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു മെറൂൺ കാർ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തി. പിന്നീട് കേസിൽ തുമ്പുണ്ടായില്ല. അതിന് ശേഷം 2009 മാർച്ച് 20 ന് കോൾ സെന്റർ എക്സിക്യുട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ടു. ഈ കേസിലും അതേ മെറൂൺ കാറിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. 2009 ൽ രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികൾ അറസ്റ്റിലായെങ്കിലും വിചാരണ വർഷങ്ങൾ നീണ്ടു.
15 വർഷം ഒരു ചെറിയ സമയമല്ലെന്നും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് സൗമ്യയുടെ മാതാപിതാക്കള്‍ നേരത്തെ പ്രതികരിച്ചത്. വധശിക്ഷയ്ക്ക് ഞങ്ങൾ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകും അവർക്ക്. ഞങ്ങൾ അനുഭവിച്ചത് അവരും അറിയണം. സൗമ്യയുടെ മരണശേഷം ഞങ്ങൾ ആകെ തളർന്നു. മകളെ കുറിച്ചുള്ള പത്രവാർത്തകളും, പഴയ ഐഡി കാർഡുകളും, ചേർത്ത് വെച്ച് ഈ അച്ഛനും അമ്മയും പറയുന്നു. വിധി കേൾക്കാൻ ഇരുവരും നാളെ സാകേത് കോടതിയിൽ എത്തും. കോടതി വിധിയെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഈ കുടുംബം.