പ്രഗ്യാൻ റോവർ ദൗത്യം പൂർത്തിയാക്കി; സ്ലീപ്പ് മോഡിലേക്ക് മാറ്റി
ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങി സഞ്ചാരം നടത്തുന്ന പ്രഗ്യാൻ റോവർ ദൗത്യം പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ. ''റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തി. റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റി. ലാൻഡർ വഴി പേ ലോഡുകളിലെ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു.
സെപ്റ്റംബർ 22നു ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം കിട്ടും. അപ്പോൾ റോവർ ഉണരുമോ എന്നറിയാനാണു കാത്തിരിപ്പ്''- ഐഎസ്ആർഒ എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) കുറിച്ചു. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. അടുത്ത പകൽ വരുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നറിയാൻ ഈ മാസം 22 വരെ കാത്തിരിക്കണം.
അതുവരെ ലാൻഡറിലെയും റോവറിലെയും മറ്റു പേലോഡുകൾ (ശാസ്ത്രീയ പഠനോപകരണങ്ങൾ) ഉറക്കത്തിലേക്കു പോകുമെങ്കിലും 'നാസ'യുടെ സഹായത്തോടെ നിർമിച്ച് ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്‌ലെക്ടർ അരേയ് (എൽആർഎ) ഉണർന്നു തന്നെയിരിക്കും. ഇതിലെ റിട്രോറിഫ്‌ലക്ടറുകൾ ലാൻഡർ എവിടെയാണെന്നു കണ്ടെത്താൻ സഹായിക്കും.