ഇന്ത്യ മറ്റുള്ളവരെ ഉപദ്രവിക്കുന്ന 'തെമ്മാടി രാജ്യം'; മറുപടിയുമായി എസ്.ജയശങ്കർ
ഏഷ്യന്‍ മേഖലയില്‍ ഇന്ത്യ മറ്റുള്ളവരെ ഉപദ്രവിക്കുന്ന 'തെമ്മാടി രാജ്യം' ആണോ എന്ന ചോദ്യത്തിന് ചുട്ട മറുപടി നല്‍കി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അയല്‍രാജ്യങ്ങള്‍ ദുരിതം നേരിടുമ്പോള്‍ വലിയ തെമ്മാടി രാജ്യങ്ങള്‍ 4.5 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 37000 കോടി രൂപ) സഹായം നല്‍കാറില്ലെന്ന് ജയശങ്കർ തിരിച്ചടിച്ചു.
അത്തരം രാജ്യങ്ങള്‍ കോവിഡ് കാലത്ത് മറ്റു രാജ്യങ്ങള്‍ക്കു വാക്‌സീന്‍ നല്‍കാറില്ലെന്നും ജയശങ്കർ പറഞ്ഞു. ജയശങ്കർ മറുപടി നല്‍കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഇന്ത്യയും അയല്‍രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങളാണു വന്നിരിക്കുന്നത്. ബംഗ്ലദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ കാര്യമെടുത്താല്‍ പവര്‍ഗ്രിഡ്, റോഡുകള്‍, റെയില്‍വേ സംവിധാനം, ജലമാര്‍ഗങ്ങളുടെ ഉപയോഗം എന്നിവ മെച്ചപ്പെട്ടു കഴിഞ്ഞു.
ഇന്ത്യന്‍ വാണിജ്യമേഖല ബംഗ്ലദേശിലെ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, ബംഗ്ലദേശ്, മാലദ്വീപ് എന്നീ രാജ്യങ്ങളുമായി വാണിജ്യ, നിക്ഷേപ രംഗങ്ങളില്‍ വലിയ കുതിച്ചുചാട്ടമാണുള്ളതെന്നും ജയശങ്കർ പറഞ്ഞു.