മെഡിക്കൽ കിറ്റുകൾ വാങ്ങിയതിൽ ക്രമക്കേട് ; ഡൽഹി ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെ സസ്പെൻഡ് ചെയ്ത് ലഫ്.ഗവർണർ
ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ (ഒഎസ്ഡി) ആർ എൻ ദാസിനെ സസ്‌പെൻഡ് ചെയ്ത് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന.
2021-ലെ കോവിഡ് മഹാമാരി കാലത്ത് പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് കിറ്റുകൾ, കയ്യുറകൾ, മാസ്‌കുകൾ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (ആർഎടി) കിറ്റുകൾ തുടങ്ങിയ വിവിധ സാധനങ്ങൾ വാങ്ങിയതിൽ 60 കോടിയുടെ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറേറ്റ് ഏപ്രിലിൽ ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ദാസിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശനിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ കൊല്ലപ്പെട്ട വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയുടെ രജിസ്‌ട്രേഷൻ പ്രക്രിയയിലും ദാസിന് പങ്കുണ്ടെന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആശുപത്രിയുടെ ലൈസൻസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നു വന്നിരുന്നു.