ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സ്മൃതി ഇറാനിക്ക് ക്ഷണം
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ അമേഠി എംപി സ്മൃതി ഇറാനിക്ക് ക്ഷണം. കോൺഗ്രസ് നേതാവ് ദീപക് സിങ് ഇതുസംബന്ധിച്ച ക്ഷണക്കത്ത് സ്മൃതിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി നരേഷ് ശർമയ്ക്ക് വ്യാഴാഴ്ച കൈമാറി.
'മുതിർന്ന പാർട്ടി നേതാക്കന്മാരുടെ നിർദേശപ്രകാരമാണ് ക്ഷണക്കത്ത് കൈമാറിയത്. ഗൗരിഗഞ്ചിലെ ക്യാംപ് ഓഫിസിൽ 28ന് എത്തിയാണ് നരേഷ് ശർമയ്ക്ക് ക്ഷണക്കത്ത് നൽകിയത്. അദ്ദേഹം കത്ത് സ്വീകരിച്ചു, എംപിക്ക് കൈമാറുമെന്ന് അറിയിക്കുകയും ചെയ്തു' ദീപക് സിങ് വ്യക്തമാക്കി.
അതേസമയം, ക്ഷണിക്കുക എന്നത് അയാളുടെ ജോലിയാണെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് ദുർഗേഷ് ത്രിപാഠിയുടെ പ്രതികരണം. ''ഐക്യ ഇന്ത്യ എന്ന ആശയത്തിലാണ് ബിജെപി എപ്പോഴും പ്രവർത്തിക്കുന്നത്. ഇന്ത്യ ഇപ്പോൾ തകർന്നിരിക്കുകയല്ല. പിന്നെങ്ങനാണ് അതിനെ ഐക്യപ്പെടുത്തുക എന്ന ചർച്ച കടന്നുവരുന്നത്? തർക്കപ്പെടുന്നതാണ് യോജിപ്പിക്കേണ്ടത്. ജീവൻ നഷ്ടപ്പെട്ടുപോകുന്ന കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് രാഹുൽ ഗാന്ധി യാത്ര നടത്തുന്നത്. അതിന്റെ പേര് ഭാരത് ജോഡോ യാത്രയെന്നും''അദ്ദേഹം പറഞ്ഞു. ഗാസിയാബാദ് വഴി യുപിയിലേക്ക് ജനുവരി മൂന്നിന് ജോഡോ യാത്ര പ്രവേശിക്കും.