യുകെ ശക്തമായ നടപടിയെടുത്തില്ല; ബ്രിട്ടിഷ് ഹൈക്കമ്മിഷനുമുന്നിലെ സുരക്ഷ കുറച്ച് കേന്ദ്രം
ഡൽഹിയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനുമുന്നിലെ സുരക്ഷ കുറച്ച് കേന്ദ്ര സർക്കാർ. ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെയും ഹൈക്കമ്മിഷണറുടെ വസതിക്കു മുന്നിലെയും സുരക്ഷയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേർക്ക് ആക്രമണം നടത്തിയതിൽ ബ്രിട്ടന്‍ ശക്തമായ പ്രതികരണം എടുക്കാതിരുന്നതിനെത്തുടർന്നാണ് ഇന്ത്യയും നടപടിയെടുത്തതെന്നാണ് സൂചന.
ഇന്ത്യയിൽ ചില രാജ്യങ്ങളുടെ എംബസികൾക്ക് കാര്യമായ സുരക്ഷാ പ്രശ്നം ഇല്ലെന്നു വിലയിരുത്തിയാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീഷണിയുണ്ടായിട്ടും യുകെയിലും യൂറോപ്പിലും ഇന്ത്യൻ നയതന്ത്രജ്ഞർക്ക് ആവശ്യത്തിനു സുരക്ഷ ഒരുക്കാൻ പല സർക്കാരുകളും തയാറാകുന്നില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ ട്വീറ്റ് ചെയ്തു.
ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിവരം ഉണ്ടായിട്ടും ആവശ്യത്തിന് സുരക്ഷയൊരുക്കാൻ യുകെ തയാറായില്ലെന്ന വികാരമാണ് ഇന്ത്യയ്ക്കുള്ളത്. സുരക്ഷാ കാര്യങ്ങള്‍ അല്ലാത്തവയിലും ബന്ധപ്പെട്ട നടപടികളെടുത്ത് ബ്രിട്ടിഷ് സർക്കാരിന് ശക്തമായ സന്ദേശം നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.