ചൈനയിലെ ശ്വാസകോശരോഗ വ്യാപനം; ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാൻ സജ്ജമെന്ന് കേന്ദ്രം
ചൈനയിൽ ശ്വാസകോശരോഗം വ്യാപിക്കുന്ന പശ്ചാത്തലത്തെ സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഏതുതരത്തിലുള്ള അടിയന്തര സാഹചര്യത്തേയും നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശ്വാസകോശരോഗവും ഇൻഫ്‌ലുവൻസയും മൂലം ഇന്ത്യയിൽ അപകടസാഹചര്യം ഉണ്ടാകാനിടയില്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
ചൈനയിലെ കുട്ടികൾക്കിടയിൽ അജ്ഞാതമായ ശ്വാസകോശരോഗം വ്യാപിക്കുന്ന റിപ്പോർട്ടുകൾ കുത്തനെ ഉയരുന്നതായി വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പ്രസ്താവന. ഒക്ടോബർ മുതൽ ചൈനയിൽ വർധിച്ചുവരുന്ന H9N2 (Avian influenza virus) കേസുകളേക്കുറിച്ചും ആരോഗ്യമന്ത്രാലയം പ്രതിപാദിക്കുന്നുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ ഇൻഫ്‌ലുവൻസ രോഗം പകരാനും ഗുരുതരസാഹചര്യങ്ങളുണ്ടാകാനുള്ള സാഹചര്യവും കുറവാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ടെങ്കിലും നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം പൊതുജനാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യ സമഗ്രവും സംയോജിതവുമായ ഇടപെടലാണ് നടത്തുന്നത്. കോവിഡ് മഹാമാരിക്കുശേഷം ആരോഗ്യ സംവിധാനം കാര്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്.-പ്രസ്താവനയിൽ പറയുന്നു.
ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിയയുമായി സാമ്യമുള്ള അജ്ഞാതരോഗം ചൈനയിലെ കുട്ടികൾക്കിടയിൽ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികൾ കുട്ടികളെക്കൊണ്ടു നിറയുകയാണെന്നും സ്‌കൂളുകൾ അടച്ചുതുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ രോഗവ്യാപനത്തിനു പിന്നിൽ അസാധാരണമായ സാഹചര്യമോ പുതിയ രോഗകാരികളോ ഇല്ലെന്ന് ചൈന വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.