ലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നു; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ലോകത്തിന് കൂടുതൽ സംഭാവന നൽകാനും ലോകത്തിന്‍റെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാനും കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ ഉയർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. വിയറ്റ്നാമിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൂടാതെ കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടി വിജയകരമായതിലെ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇന്ത്യക്ക് വിയറ്റ്നാമുമായുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.
ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും വിയറ്റ്നാമുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധവും സുരക്ഷയും എല്ലാ രാജ്യത്തിനും വളരെ പ്രധാനമാണ്. ഇന്ത്യ ദീർഘകാലമായി വിയറ്റ്നാമിന്‍റെ വിശ്വസനീയരായ പങ്കാളികളാണ്. ഇരുപക്ഷത്തിനും എങ്ങനെ ബന്ധം വിശാലമാക്കുകയും സഹകരണം ത്വരിതപ്പെടുത്തുകയും ചെയ്യാമെന്നതിനാണ് തന്‍റെ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ചയാണ് നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എസ്. ജയശങ്കർ വിയറ്റ്നാമിൽ എത്തിയത്.