ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഇന്ത്യ
സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും തിരഞ്ഞെടുപ്പുകളുമെല്ലാം നമ്മുടെ യാത്രകളെ വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്. ഇന്റര്‍നെറ്റില്‍ കണ്ട ഒരു ചിത്രമോ കുറിപ്പോ കൊണ്ട് മാത്രം നമ്മുടെ ബക്കറ്റ് ലിസ്റ്റില്‍ കയറിക്കൂടിയവയാണ് പല സ്ഥലങ്ങളും. ഇത്തരത്തില്‍ ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഏതാണെന്ന് സാമൂഹിക മാധ്യമങ്ങളെ അടിസ്ഥാനമാക്കി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ട്രാവല്‍ പോര്‍ട്ടലായ ടൈറ്റന്‍ ട്രാവല്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യയാണ് ഭൂമിയിലെ ഏറ്റവും മനോഹര രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയെ കുറിച്ച് 21.93 കോടി പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രമുള്ളത്. ഇന്ത്യയുടെ സൗന്ദര്യത്തെ കുറിക്കുന്ന പോസ്റ്റുകളാണ് ഇവയില്‍ ഭൂരിപക്ഷവും. ഇതാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും മനോഹരമായ രാജ്യമായി തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് ടൈറ്റന്‍ ട്രാവലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതിമനോഹരമായ ബീച്ചുകളും പുരാതന കോട്ടകളും കൊട്ടാരങ്ങളും പര്‍വതങ്ങളും ഹില്‍സ്റ്റേഷനുകളും വന്‍നഗരങ്ങളും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും സംസ്‌കാരവുമെല്ലാം ചേര്‍ന്ന സമാനതകളില്ലാത്ത രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി വിദേശ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നത്. ഇന്ത്യയിലെ നിരവധിയായ യുനസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നെങ്കിലും സന്ദര്‍ശിക്കാതെ ഇന്ത്യ യാത്ര പൂര്‍ണമാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
16 കോടി ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായി ജപ്പാനാണ് ഈ പട്ടികയില്‍ രണ്ടാമത്. അതിമനോഹരമായ ഭൂപ്രകൃതിയും തീര്‍ത്തും വ്യത്യസ്തമായ ഭക്ഷണവും സംസ്‌കാരവുമെല്ലാമാണ് ഇന്റര്‍നെറ്റിലെ സഞ്ചാരികള്‍ക്ക് ജപ്പാനെ പ്രിയപ്പെട്ടതാക്കുന്നത്. ഒരേസമയം പഴമയേയും ആധുനിക സംസ്‌കാരത്തേയും ചേര്‍ത്തുപിടിക്കുന്നതാണ് ജപ്പാന്റെ ഏറ്റവും വലിയ മേന്മയായി വിലയിരുത്തപ്പെടുന്നത്.
പാരമ്പര്യങ്ങളുടെയും രുചിവൈവിധ്യങ്ങളുടെയും നാടായ ഇറ്റലിയാണ് പട്ടികയില്‍ മൂന്നാമത്. 15.96 കോടി പോസ്റ്റുകളാണ് ഇറ്റലിയേക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇന്‍ഡൊനീഷ്യ, ഫ്രാന്‍സ്, മെക്‌സികോ, കാനഡ, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഭൂമിയിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളുടെ പട്ടികയിലുള്ള മറ്റ് രാജ്യങ്ങള്‍.