വരുന്നു ലോകനിലവാരത്തില്‍ ഇന്ത്യയില്‍ പുതിയ എട്ടു നഗരങ്ങള്‍
ലോകജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിലെ നഗരങ്ങള്‍ ജനപ്പെരുപ്പം കൊണ്ടു പൊറുതിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് നിലവിലെ നഗരങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയുന്നുമില്ല. ഈ സാഹചര്യത്തില്‍ രാജ്യത്ത് പുതിയ നഗരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നു.
എട്ടു പുതിയ നഗരങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ കേന്ദ്രത്തിന്റെ പരിഗണനയിലാണ്. പുതിയ നഗരങ്ങള്‍ വികസിപ്പക്കണമെന്ന് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനസാന്ദ്രത കുറയ്ക്കാന്‍ പുതിയ നഗരങ്ങളുടെ അടിയന്തര വികസനമാണ് പ്രായോഗിക പരിഹാരം എന്ന നിര്‍ദ്ദേശമാണ് ധനകാര്യകമ്മിഷന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നഗരങ്ങളുടെ വികസനം സാധ്യമാക്കുക.
വിവിധ സംസ്ഥാനങ്ങള്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ട്. 26 നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിനു ലഭിച്ചത്. സൂക്ഷ്മപരിശോധനയ്ക്കും വിശകലനത്തിനും ശേഷം ഇതില്‍ നിന്ന് എട്ട് നഗരങ്ങളുടെ വികസനമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. പുതിയ നഗരങ്ങളെ സംബന്ധിച്ചോ, അവ ഏതെല്ലാം സംസ്ഥാനത്താണെന്നോ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.