രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നു; കേരളത്തിൽ മരണനിരക്കും കൂടുന്നു
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ കണക്ക് 3000 കടന്നു. കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ 3,061 പുതിയ കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കൊവിഡ് കേസുകളിൽ 40ശതമാനമാണ് വർദ്ധനയുണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും രേഖപ്പെടുത്തി.
24 മണിക്കൂറിനുള്ളിൽ14 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 5,30,862 ആയി ഉയർന്നു. ഇതിൽ എട്ട് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ട് പേർ ഡൽഹി, ഒന്ന് ഹിമാചാൽ പ്രദേശിലും നിന്നാണ് റിപ്പോർട്ട് ചെയ്തത്.കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
ജനുവരി 16ന് ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 300 കേസുകൾ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ മുംബയ്, പൂനെ, താനെ, സാംഗ്ലി തുടങ്ങിയ ജില്ലകളിലും കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്.