ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; എട്ടുപേര്‍ പിടിയില്‍
ബിജെപി പ്രവര്‍ത്തകനായ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുസ്ത്രീകളടക്കം എട്ടുപേര്‍ അറസ്റ്റിലായി. ഹൈദരാബാദിലെ യൂസഫ്ഗുഡയിലെ വീട്ടില്‍വെച്ച് വ്യാപാരിയായ പി. രാമു(36)വിനെ കൊലപ്പെടുത്തിയ കേസിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഫെബ്രുവരി ഏഴാം തീയതിയായിരുന്നു സംഭവം.
ജീഡിമെട്‌ല സ്വദേശികളായ മണികണ്ഠ എന്ന മണി, ഡി.വിനോദ് കുമാര്‍, മുഹമ്മദ് ഖൈസര്‍, കെ.ശിവകുമാര്‍, കെ.നിഖില്‍, ടി.കുമാര്‍, യൂസഫ് ഗുഡ സ്വദേശികളായ ഇമാബി(35) ഇവരുടെ മകള്‍ പഠാന്‍ നസീമ(19) എന്നിവരാണ് രാമു കൊലക്കേസില്‍ അറസ്റ്റിലായത്. മുഖ്യപ്രതിയായ മണികണ്ഠയ്ക്ക് രാമുവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
കുക്കട്ടപള്ളി സ്വദേശിയായ രാമുവിനെ ഫെബ്രുവരി ഏഴാംതീയതിയാണ് ഇമാബിയുടെ വീടിന്റെ ടെറസില്‍വെച്ച് എട്ടംഗസംഘം കൊലപ്പെടുത്തിയത്. നിരവധിതവണ യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച പ്രതികള്‍ സ്വകാര്യഭാഗങ്ങളിലും ക്രൂരമായി പരിക്കേല്‍പ്പിച്ചിരുന്നു.
നേരത്തെ രാമുവിന്റെ സുഹൃത്തായിരുന്ന മണികണ്ഠയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരും തമ്മില്‍ ഏതാനുംവര്‍ഷങ്ങളായി ശത്രുതയിലായിരുന്നു. അടുത്തിടെ രാമുവിന്റെ പരാതിയില്‍ വധശ്രമക്കേസില്‍ മണികണ്ഠ അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ വൈരാഗ്യം മൂത്ത പ്രതി കൂട്ടാളികള്‍ക്കൊപ്പം ചേര്‍ന്ന് ഹണിട്രാപ്പും കൊലപാതകവും ആസൂത്രണം ചെയ്തു.
അറസ്റ്റിലായ ഇമാബിയും മകള്‍ നസീമയും ചേര്‍ന്നാണ് രാമുവിനെ ഹണിട്രാപ്പില്‍ കുടുക്കിയത്. തുടര്‍ന്ന് യുവതി രാമുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നാലെ മറ്റുപ്രതികള്‍ ഇവിടേക്കെത്തുകയും കൊലപാതകം നടത്തിയശേഷം രക്ഷപ്പെടുകയുമായിരുന്നു. കൊല്ലപ്പെട്ട രാമു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനിടെയാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.