പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയിൽ പിടിച്ച് 'ഐ ലവ് യു പറഞ്ഞു; യുവാവിന് ശിക്ഷ വിധിച്ച് കോടതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയിൽ പിടിച്ച് 'ഐ ലവ് യു' എന്ന് പറഞ്ഞതിന് യുവാവിന് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക പോക്സോ കോടതി. പത്തൊൻപതുകാരനായ യുവാവിനെ രണ്ട് വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. ഇന്ത്യൻ പീനൽ കോഡ് പ്രകാരം യുവാവ് കുറ്റക്കാരനാണെന്ന് ജഡ്ജി അശ്വിനി ലോഖണ്ഡേയാണ് വിധിച്ചത്.
എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമപ്രകാരമുള്ള കുറ്റങ്ങൾ വിധിയില്‍ ഒഴിവാക്കിയിട്ടുണ്ട്. 2019 സെപ്റ്റംബറിലാണ് സംഭവം ഉണ്ടായത്. 14 വയസുള്ള പെൺകുട്ടിയെ യുവാവ് തന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കൊണ്ട് പോയി കൈപിടിച്ച് സ്നേഹം പ്രകടിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ നല്കിയ പരാതിയിൽ പറയുന്നത്.
ഐ ലവ് യൂ എന്ന് കൈയില്‍ പിടിച്ച് പറഞ്ഞ് കൊണ്ട് യുവാവ് അടുത്തേക്ക് വലിക്കുകയും ചെയ്തു. കണ്ണീരോടെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് കുട്ടി സംഭവിച്ച കാര്യങ്ങൾ പറയുകയായിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് യുവാവിന്റെ വാദം. പക്ഷേ, തമ്മിൽ ബന്ധമുണ്ടായിരുന്നെങ്കിൽ പെൺകുട്ടി സംഭവം അമ്മയെ അറിയിക്കില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി ഇയാളുടെ വാദം തള്ളുകയായിരുന്നു.