'കേസുകൾ രാഷ്ട്രീയ പ്രേരിതം'; സുധാകരനും വി.ഡി സതീശനും പൂർണ പിന്തുണ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്
കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ചർച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും ഇരു നേതാക്കളും ധരിപ്പിച്ചു. എല്ലാ കാര്യത്തിലും പൂർണ പിന്തുണയാണ് ഹൈക്കമാൻഡ് നേതാക്കൾക്ക് ഉറപ്പ് നൽകിയത്. ദേശീയ നേതൃത്വവുമായുള്ള പതിവ് കൂടിക്കാഴ്ച എന്നാണ് ഡൽഹി സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കെ.സുധാകരനും വി.ഡി സതീശനും നൽകിയ വിശദീകരണം.
എന്നാൽ രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങൾക്ക് ഒപ്പം മോൻസനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ കെ.സുധാകരനെ അറസ്റ്റ് ചെയ്തതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബോധ്യപ്പെട്ട ഹൈക്കമാൻഡ് പൂർണ പിന്തുണ ഉറപ്പ് നൽകിയതായി ജൻപഥ് പത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും വ്യക്തമാക്കി. പതിനഞ്ച് മിനുട്ട് നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പങ്കെടുത്തിരുന്നു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ് നിയമനത്തെ ചൊല്ലിയുള്ള തർക്കം അയഞ്ഞതോടെ ഇരുവർക്കുമേതിരെ പരാതി പറയാനായി ഡൽഹിയിലെത്തുമെന്നറിയിച്ച എ,ഐ ഗ്രൂപ്പ് നേതാക്കൾ യാത്ര ഇതിനകം മാറ്റിവച്ചിരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷന് എതിരെ കേസ് എടുത്തിട്ടും സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ യൂത്ത് കോൺഗ്രസിന് മതിയായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതിഷേധത്തിനായി സംഘടന തെരഞ്ഞെടുപ്പ് മാറ്റി വെയ്‌ക്കേണ്ടതില്ലെന്ന് കെ.സുധാകരൻ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കേരളത്തിൽ നേതൃമാറ്റം പരിഗണനയിൽ ഇല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.
The Congress party doesn't fear the politics of intimidation and vendetta. pic.twitter.com/9HLetpJyma
— Rahul Gandhi (@RahulGandhi) June 26, 2023