കുംഭമേള ദുരന്തം: 'അതൊരു വലിയ അപകടമല്ല, പെരുപ്പിച്ചു കാണിക്കുകയാണ്'; ഹേമ മാലിനിയുടെ പരാമര്‍ശം വിവാദത്തില്‍
കഴിഞ്ഞ ജനുവരി 29ന് പ്രയാഗ് രാജിലെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തെക്കുറിച്ചുള്ള ബിജെപി എംപി ഹേമ മാലിനിയുടെ പരാമര്‍ശം വിവാദത്തില്‍. അത് അത്ര വലിയ അപകടമൊന്നുമല്ലെന്നാണ് ഹേമ പറഞ്ഞത്. അപകടത്തില്‍ മരിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ യുപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
"തെറ്റായി സംസാരിക്കുക മാത്രമാണ് അഖിലേഷിൻ്റെ ജോലി ... ഞങ്ങളും കുംഭമേള സന്ദർശിച്ചിരുന്നു. അപകടം നടന്നു, പക്ഷേ അത് അത്ര വലുതായിരുന്നില്ല. അത് പെരുപ്പിച്ചു കാണിക്കുകയാണ്," ബിജെപി എംപി പറഞ്ഞു.
മൃതദേഹങ്ങള്‍ ജെസിബികളിലും ട്രാക്ടറുകളിലും നിറച്ചിരുന്നു, അവ എവിടേക്കാണ് കൊണ്ടുപോയതെന്ന് ആര്‍ക്കും അറിയില്ലെന്നും അഖിലേഷ് യാദവ് ലോക്സഭയില്‍ പറഞ്ഞിരുന്നു. 30 പേര്‍ മരിച്ചതായും 60 പേര്‍ക്ക് പരിക്കേറ്റു എന്നുമാണ് യുപി സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലും എത്രയോ അധികമാണ് മരണസംഖ്യയെന്നും ഇക്കാര്യം സര്‍ക്കാര്‍ മറച്ചുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റിൽ ഇത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പറയണമെന്നും അഖിലേഷ് ആവശ്യപ്പെട്ടിരുന്നു.