ഹൃദയാഘാതം ; ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജൽ നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉത്തർപ്രദേശിലെ ഗോരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജൽ നിഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർക്ക് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ട്. ഏപ്രിൽ 5 ന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർമാർ അവരെ ലഖ്‌നൗവിലേക്ക് റഫർ ചെയ്യുകയായിരുന്നു. കാജലിന് ഹൃദയാഘാതമുണ്ടായെന്നാണ് വിവരം. രക്തസമ്മർദ്ദവും ഹൃദയയാഘാതവും മൂലമുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. പെട്ടെന്ന് ലഖ്‌നൗവിലേക്ക് കൊണ്ടുപോകുകയാണ്," കാജലിന്റെ ഭർത്താവ് സഞ്ജയ് നിഷാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗോരഖ്പൂർ മണ്ഡലത്തിൽ നിന്ന് നടനും സിറ്റിംഗ് എംപിയുമായ രവി കിഷൻ ശുക്ലയ്‌ക്കെതിരെയാണ് കാജൽ നിഷാദ് എന്ന 41കാരി മത്സരിക്കുന്നത്. കാജൽ നിഷാദ് ഒരു ജനപ്രിയ ടിവി നടിയാണ് ഇവർ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗോരഖ്പൂരിൽ ജൂൺ ഒന്നിനാണ് വോട്ടെടുപ്പ് നടക്കുക. ഫലം ജൂൺ 4ന് പുറത്തുവരും. 2019 ൽ ആദ്യമായി സീറ്റ് നേടിയ ശേഷം വീണ്ടും തെരഞ്ഞെടുപ്പിനായി മത്സരിക്കുന്ന രവി കിഷൻ, ഈ സീറ്റിൽ വിജയം ഉറപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം, കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ മുന്നോട്ട് വെച്ച ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയാണ് കാജൽ.