ഹരിയാന തെരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ബാധിക്കില്ല: ശരദ് പവാര്‍
ഹരിയാന തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവി അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൻസിപി (എസ്പി) നേതാവ് ശരദ് പവാർ. കേന്ദ്രഭരണ പ്രദേശം ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നതിനാൽ ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രാധാന്യമർഹിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സതാര ജില്ലയിലെ കരാഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പവാർ.
'ഞങ്ങൾ ഹരിയാനയെ പഠിച്ചുകൊണ്ടിരിക്കുകയാണ്, അതേസമയം ജമ്മു കശ്മീരിലെ (തെരഞ്ഞെടുപ്പ്) ഫലങ്ങൾ നോക്കുക. ഹരിയാന ഫലം മഹാരാഷ്ട്രയെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം, ലോക സമൂഹം അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജമ്മു കശ്മീരിന്റെ ഫലങ്ങൾ രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്'' അദ്ദേഹം പറഞ്ഞു.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 20 ന് നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടി ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തുകയായിരുന്നു. പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തി കോൺഗ്രസിന് 37 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. നയാബ് സിങ് സൈനിയാണ് മുഖ്യമന്ത്രി.