സർക്കാർ ആപ്പിളിനെ ലക്ഷ്യമിടുന്നതായി വാഷിങ്ടൺ പോസ്റ്റ്
രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്താന്‍ നീക്കം നടക്കുന്നതായി ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം (‘നിങ്ങള്‍ എത്ര വേണമെങ്കിലും ചോര്‍ത്തൂ, ഞങ്ങള്‍ ഭയക്കില്ല, നിശബ്ദരാകില്ല’) നൽകിയതിനെ തുടർന്ന് ആപ്പിളിന്റെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച ഇന്ത്യൻ സർക്കാർ അവരുടെ പ്രസ്താവന പിൻവലിക്കുവാൻ സമ്മർദ്ദം ചെലുത്തിയതായി വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്.
ഇങ്ങനെയൊരു മുന്നറിയിപ്പ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായതിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ആപ്പിളിനെതിരെ നടപടിയെടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിലിക്കണ്‍ വാലി കമ്പനിയുടെ അല്‍ഗോരിതം തെറ്റാണോ എന്ന് പരസ്യമായി ചോദ്യം ചെയ്ത ഇന്ത്യന്‍ സര്‍ക്കാര്‍ ആപ്പിള്‍ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പിളിന്റെ ഇന്ത്യന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടത്തിയ സ്വകാര്യ കൂടിക്കാഴ്ച്ചയില്‍ ഹാക്കിംഗ് ശ്രമങ്ങളെക്കുറിച്ചുള്ള കമ്പനി മുന്നറിയിപ്പുകളുടെ രാഷ്ട്രീയപരമായ ആഘാതം ലഘൂകരിക്കുന്നതിനായി ആവിശ്യപെട്ടിരുന്നുവെന്നും മറഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ തങ്ങളോടു സമ്മതിച്ചതായി വാഷിംഗ് ടണ്‍ പോസ്റ്റ് പറയുന്നു. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയില്‍ വച്ച് വിദേശത്തുള്ള ആപ്പിള്‍ സുരക്ഷാ വിദഗ്ധനുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പുകള്‍ക്ക് മറ്റെന്തെങ്കിലും വിശദീകരണങ്ങള്‍ കൂടി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ആപ്പിളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കാലിഫോര്‍ണിയയിലെ ആപ്പിള്‍ എക്‌സിക്യൂട്ടീവുകളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. സിലിക്കണ്‍ വാലിയിലെ ശക്തരായ ടെക് കമ്പനികള്‍ക്ക് പോലും ഇന്ത്യയെപ്പോലെ വരും ദശകത്തിലെ ഏറ്റവും നിര്‍ണായകമായ സാങ്കേതിക വിപണികളിലൊന്നായി മാറിയേക്കാവുന്ന ഒരു രാജ്യത്തു നിന്നും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതായാണ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഹാക്കിംഗില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കുണ്ടെന്ന സംശയം ഒഴിവാക്കാന്‍ നല്‍കിയ സന്ദേശം മാറ്റാന്‍ ശ്രമിക്കുന്നത് പോലെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആളുകളുടെ അപകടസാധ്യതകളും ഈ സാഹചര്യം എടുത്തുകാണിക്കുന്നു. സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ക്ക് ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാരിന്റ ഭാഗത്തു നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നത്. ഫേസ്ബുക്ക്, എക്‌സ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വര്‍ഷം ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യ സന്ദേശങ്ങളും, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകളും കണ്ടെത്തിയിരുന്നു.
എന്നാല്‍, ഇവ ഡിലീറ്റ് ചെയ്യുന്നതിനെക്കുറിച്ച് പ്ലാറ്റ്‌ഫോമുകള്‍ ആശയക്കുഴപ്പം നേരിടുകയും യുഎസിലെ ഓഫീസില്‍ അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഈ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സര്‍ക്കാരിനെ അസ്വസ്ഥമാക്കുമെന്നും ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട സുരക്ഷാ നിര്‍ദേശത്തില്‍ ആപ്പിള്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ നടത്തുന്നത്.