ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം; ബ്രിജ് ഭൂഷനെതിരെ കേസെടുത്ത് പൊലീസ്
ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണത്തെത്തുടർന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ കേസെടുത്തു. സുപ്രീം കോടതി ഇടപെടലിനെത്തുടർന്നാണ് ഡൽഹി പൊലീസ് നടപടി. രണ്ട് എഫ്‌ഐആർ ആണ് ബ്രിജ് ഭൂഷനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്തയാളെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയിൽ പോക്‌സോ നിയമപ്രകാരമാണ് ഒരു കേസ് ചുമത്തിയത്. ഈ വകുപ്പ് പ്രകാരം ജാമ്യം ലഭിക്കില്ല.
ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതെന്നും വിഷയത്തിൽ മറുപടി നൽകാനും ഡൽഹി പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നുതന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചത്. പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരത്തിനു സുരക്ഷ നൽകണമെന്ന് പൊലീസിനോടു സുപ്രീം കോടതി നിർദേശിച്ചു. ഏതുവിധത്തിലാണ് താരത്തിനു ഭീഷണിയെന്ന് വിലയിരുത്തണമെന്നും കോടതി വ്യക്തമാക്കി.
ഏപ്രിൽ 21നാണ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 പെൺകുട്ടികൾ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകിയത്. കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഒളിംപിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. ജനുവരിയിലാണ് ബ്രിജ്ഭൂഷനെതിരെ ആദ്യം പരാതി ഉയർന്നത്.
ഫെഡറേഷൻ പ്രസിഡന്റും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിംപ്യൻ വിനേഷ് ഫോഗട്ടാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാൻ മേരികോം അധ്യക്ഷയായി സമിതിയെയും കേന്ദ്രം നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ട് ഈ മാസം ആദ്യം സമർപ്പിച്ചുവെന്നും എന്നാൽ ഇതു പുറത്തുവിടാൻ കേന്ദ്രം തയാറാകുന്നില്ലെന്നുമാണ് ഗുസ്തി താരങ്ങൾ ആരോപണം. സമിതിയുടെ കണ്ടെത്തൽ എന്താണെന്ന് പല തവണ അന്വേഷിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു സമയം തേടിയെങ്കിലും അനുവദിച്ചില്ലെന്നും താരങ്ങൾ പറഞ്ഞു.