ഇന്ന് കര്‍ഷകരുടെ വളയല്‍ സമരം; ഡല്‍ഹിയില്‍ കനത്ത സുരക്ഷ
കർഷകസംഘടനകള്‍ രാജ്യതലസ്ഥാനം വളയല്‍ സമരം -ഡല്‍ഹി ചലോ മാർച്ച്-ചൊവ്വാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഇന്ന് കനത്ത സുരക്ഷ.
യു.പി., ഹരിയാണ അതിർത്തികളടച്ച് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസിനുപുറമേ കേന്ദ്രസേനകളെയും അതിർത്തികളില്‍ വിന്യസിച്ചു. ഗതാഗത നിയന്ത്രണങ്ങളേർപ്പെടുത്തി. യു.പി., ഹരിയാണ അതിർത്തികളായ ഗാസിയാബാദ്, തിക്രി, സിംഘു എന്നിവിടങ്ങളില്‍, വഴി കോണ്‍ക്രീറ്റ് ചെയ്തുയർത്തി ഗതാഗതം വിലക്കി. ബഹുതല ബാരിക്കേഡ് നിരത്തലിനു പുറമേയാണിത്. ഡല്‍ഹി ലക്ഷ്യമിട്ട് അതിർത്തിപ്രദേശങ്ങളില്‍ കർഷകരെത്തി തമ്ബടിക്കുന്നു.
അനുനയ നീക്കവുമായി കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍, കൃഷിമന്ത്രി അർജുൻ മുണ്ടെ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് ചണ്ഡീഗഢില്‍ ആരംഭിച്ച ചർച്ച തുടരുകയാണ്. കർഷക നേതാക്കളായ ജഗ്ജിത് സിങ് ദല്ലേവാള്‍, സർവാൻ സിങ് പാന്ഥർ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരുമായി കഴിഞ്ഞയാഴ്ചയും കർഷകർ ചർച്ചയ്ക്കിരുന്നെങ്കിലും സർക്കാർ ഉറപ്പുനല്‍കുന്നില്ലെന്ന പേരില്‍ തീരുമാനമുണ്ടായിരുന്നില്ല.
സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയിതര വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തില്‍ ഇരുനൂറിലേറെ കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ച് രംഗത്തുവന്നത്. കർഷക സമരത്തിന്റെ കാലത്തെടുത്ത കേസുകള്‍ പിൻവലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നതടക്കം ആവശ്യങ്ങളുയർത്തിയാണ് സമരം.