കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: മുഖ്യ പ്രതി പിടിയിൽ
തമിഴ്നാട്ടിനെ ഞെട്ടിച്ച കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ വ്യാജമദ്യം വിതരണം ചെയ്ത പ്രതി പിടിയിൽ. 55 പേരുടെ മരണത്തിനിടയാക്കിയ കേസിൽ ചിന്നദുരൈ ആണ് പിടിയിലായത്. ചിന്നദുരൈയാണ് പ്രദേശത്ത് മദ്യം വിതരണം ചെയ്തതെന്നാണ് കണ്ടെത്തൽ. 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അതേസമയം നിരവധി പേരാണ് ഇപ്പോഴും വിവി ആശുപത്രികളിൽ ചികിത്സയിലുള്ളത്
മരിച്ചവരിൽ 29 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും മറ്റുനടപടികൾക്കും ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി ജില്ലാ കലക്ടർ പ്രശാന്ത് എം.എസ് പറഞ്ഞു.ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേരുടെ നിലയിൽ പുരോഗതിയുണ്ട്. എന്നാൽ 12ലേറെ ആളുകളാണ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.
ദുരന്തത്തിന് പിന്നാലെ സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് ബി.ഗോകുൽദാസിന്റെ നേതൃത്വത്തിലുള്ള ഏകാംഗകമ്മീഷൻ അന്വേഷണം ആരംഭിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ നിരവധി പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ജില്ലാകലക്ടറെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ അനധികൃത മദ്യകച്ചവടം അവസാനിപ്പിക്കുമെന്നും വിൽപ്പന നടത്തുന്നവർക്കും സ്ഥാപനങ്ങൾക്കുമെതിരെ കനത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.