ഇലക്ട്രൽ ബോണ്ട് ; നിർമാണ കമ്പനികൾ ബോണ്ടുകൾ വാങ്ങിയത് അന്വേഷണം നേരിടുന്നതിനിടെ, തെളിവുകൾ പുറത്ത്
ഇലക്ട്രൽ ബോണ്ട് നിർമ്മാണ കമ്പനികൾ വാങ്ങിയത് അന്വേഷണം നേരിടുന്നതിനിടെ എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അന്വേഷണം നേരിടുന്ന പതിനൊന്ന് കമ്പനികൾ 506 കോടിയുടെ ബോണ്ടുകൾ വാങ്ങിയെന്ന വിവരമാണിപ്പോള്‍ പുറത്തവന്നിരിക്കുന്നത്. അതേസമയം, സാൻറിയോഗോ മാർട്ടിൻറെ കമ്പനിയിൽ നിന്ന് തൃണമൂലും സംഭാവന വാങ്ങിയെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. അതേസമയം, ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ അന്വേഷണ ആവശ്യവും ശക്തമാകുകയാണ്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
പല കമ്പനികളും ഇഡി , ആദായ നികുതി അന്വേഷണ ഏജൻസികളുടെ നടപടിക്കിടെയാണ് ബോണ്ടുകൾ വാങ്ങിയതെന്ന് വിവരം പുറത്തു വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ബോണ്ടിലെ അൽഫാ ന്യൂമറിക് നമ്പർ വ്യക്തമാക്കണമെന്ന് സുപ്രീംകോടതിയും കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ബോണ്ടിനെതിരായ ഹർജിയിൽ നാളെ കോടതി എന്തു തീരുമാനം പ്രഖ്യാപിക്കും എന്നത് കേസിൽ നിർണായകമാകും. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ട്രൽ ബോണ്ട് ചർച്ച ആകുന്നത് ബിജെപിക്കും പ്രതിസന്ധി ആകുന്നുണ്ട്.