ബോളിവുഡ് താരങ്ങളെ വിടാതെ ഇ.ഡി; കൂടുതൽ പ്രമുഖർക്ക് നോട്ടിസ്
മഹാദേവ് ഗെയിമിംഗ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ബോളിവുഡ് നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, നടൻ കപില്‍ ശര്‍മ എന്നിവര്‍ക്കാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
മുൻപ് രണ്‍ബീര്‍ കപൂറിനും ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ആപ്പിന് പ്രചാരണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. മഹാദേവ് ഓണ്‍ലെെൻ ബെറ്റിംഗ് ആപ്പ് സ്ഥാപകരായ സൗരഭ് ചന്ദ്രകര്‍, രവി ഉപ്പല്‍ എന്നിവര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാണ് കേസ്.
വെള്ളിയാഴ്ചയാണ് രണ്‍ബീര്‍ കപൂറിനോട് ഇഡി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടാഴ്ചത്തെ സമയം അദ്ദേഹം ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്‍ബീര്‍ കപൂര്‍, മഹാദേവ് ആപ്പിന് പ്രചാരം നല്‍കുകയും ഇതിന് ആപ്പ് പ്രൊമോട്ടര്‍മാരില്‍ നിന്ന് പണം സ്വീകരിക്കുകയും ചെയ്തതായി ഇഡി സംശയിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇ ഡി ചോദ്യം ചെയ്യാൻ രണ്‍ബീറിനെ വിളിപ്പിച്ചത്.
നേരത്തെ മഹാദേവ് വാതുവയ്പ് ആപ്പിന്റെ കേസുമായി ബന്ധപ്പെട്ട് ഇ ഡി മുംബയ്, കൊല്‍ക്കത്ത, ഭോപ്പാല്‍ തുടങ്ങിയ നഗരങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎഇയില്‍ വച്ചുനടന്ന മഹാദേവ് ആപ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹത്തിലും കമ്ബനിയുടെ വിജയാഘോഷത്തിലും ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തതും ഇഡി അന്വേഷിക്കുന്നുണ്ട്.