Begin typing your search...

'ചെവിക്കു സമീപം നീര്': മന്ത്രി സെന്തിലിനെ ഇഡി മർദ്ദിച്ചെന്ന് ഡിഎംകെ

ചെവിക്കു സമീപം നീര്: മന്ത്രി സെന്തിലിനെ ഇഡി മർദ്ദിച്ചെന്ന് ഡിഎംകെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജി കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടെന്ന ആരോപണവുമായി മന്ത്രി പി.കെ.ശേഖർ ബാബു ഉൾപ്പെടെയുള്ളവർ രംഗത്ത്. 18 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ സെന്തിൽ ബാലാജി മർദ്ദനത്തിന് ഇരയായതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ശേഖർ ബാബു മാധ്യമങ്ങളോടു പറഞ്ഞു. സെന്തിൽ ബാലാജി അബോധാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ പേരു വിളിച്ചിട്ടും പ്രതികരിച്ചില്ലെന്നും ശേഖർ ബാബു വിശദീകരിച്ചു. അതിനിടെ, മന്ത്രിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഡിഎംകെ ആരോപിച്ചു. കേസിനെ നേരിടുന്നതു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമവിദഗ്ധരുടെ യോഗം വിളിച്ചു.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മന്ത്രിമാരായ ശേഖർ ബാബു, ഉദയനിധി സ്റ്റാലിൻ, എം.സുബ്രഹ്മണ്യൻ, ഇ.വി.വേലു തുടങ്ങിയവർ ആശുപത്രിയിലെത്തി സെന്തിൽ ബാലാജിയെ സന്ദർശിച്ചു. ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തിൽ ബാലാജിയെ ആശുപത്രിയിലേക്കു മാറ്റുമ്പോൾ അദ്ദേഹം പൊട്ടിക്കരയുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

''നിലവിൽ ഐസിയുവിലുള്ള സെന്തിൽ ബാലാജി അബോധാവസ്ഥയിലാണ്. ഞങ്ങൾ േപരു വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഡോക്ടർമാർ ആരോഗ്യനില കൃത്യമായി വിലയിരുത്തുന്നുണ്ട്. സെന്തിൽ ബാലാജിയുടെ ചെവിക്കു സമീപം നീരുണ്ട്. ഇസിജിയിലും വ്യതിയാനമുണ്ടെന്നു ഡോക്ടർമാർ പറയുന്നു. അദ്ദേഹം ചോദ്യം ചെയ്യലിനിടെ പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങൾ സ്പഷ്ടമാണ്' – ശേഖർ ബാബു പറഞ്ഞു.

സെന്തിൽ ബാലാജിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന ആരോപണവുമായി ഡിഎംകെയുടെ രാജ്യസഭാ എംപിയും അഭിഭാഷകനുമായ എൻ.ആർ.ഇളങ്കോ രംഗത്തെത്തി. ''തമിഴ്നാട് വൈദ്യുത മന്ത്രി വി.സെന്തിൽ ബാലാജിയെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹത്തെ അവർ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹം അബോധാവസ്ഥയിലായിരുന്നുവെന്നാണു വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ അറസ്റ്റ് പൂർണമായും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇതിനെ ഞങ്ങൾ നിയമപരമായി നേരിടും' – ഇളങ്കോ പറഞ്ഞു.

സെന്തിൽ ബാലാജി ചികിത്സയിലാണെന്നു മന്ത്രി ഉദയനിധി സ്റ്റാലിനും വ്യക്തമാക്കി. അദ്ദേഹത്തിനെതിരായ നീക്കത്തെ ഞങ്ങൾ നിയമപരമായി നേരിടും. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ വിരട്ടൽ രാഷ്ട്രീയം ഇവിടെ വിലപ്പോകില്ലെന്നും ഉദയനിധി വ്യക്തമാക്കി.

WEB DESK
Next Story
Share it