മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്; തടയാനൊരുങ്ങി കേന്ദ്രസർക്കാർ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഡിവൈഎഫ്‌ഐ. 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്‌ഐ അറിയിച്ചത്. ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ ഇന്നു വൈകിട്ടാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുക.
അതേസമയം കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്‌ഐയും അറിയിച്ചിട്ടുണ്ട്. ജനുവരി 27ന് കണ്ണൂർ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദർശനമുണ്ടാകുമെന്നും അറിയിപ്പുണ്ട്. കാലടി സർവകലാശാലയിലും കുസാറ്റിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും പറഞ്ഞു.
അതേസമയം ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് തടയാൻ സമൂഹമാധ്യമങ്ങളിലടക്കം കർശന നിരീക്ഷണം തുടരുകയാണ് കേന്ദ്രസർക്കാർ. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് ബിബിസി വ്യക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നീക്കം. ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും ബിബിസി ഡോക്യുമെന്ററി വീഡിയോ നീക്കം ചെയ്തു. കേന്ദ്രസർക്കാർ നിർദേശപ്രകാരം, യൂട്യൂബിൽ നിന്നും ട്വിറ്ററിൽ നിന്നും വീഡിയോ നേരത്തെ നീക്കം ചെയ്തിരുന്നു.
DYFI-and-SFI-to-screen-BBC-documentary-against-Modiഡോക്യുമെന്ററി ഡൽഹി ജെഎൻയുവിൽ പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകളും അറിയിച്ചിട്ടുണ്ട്. അതേസമയം ഡോക്യുമെന്ററി പ്രദർശനം സർവകലാശാല തടഞ്ഞു. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദർശിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിൽ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രദർശിപ്പിച്ചിരുന്നു. ഇതിനെതിരെ എബിവിപി പരാതി നൽകിയിട്ടുണ്ട്.