പശ്ചിമ ബംഗാളിൽ ഡോക്ടർമാർ വീണ്ടും സമര മുഖത്ത്: ഇന്ന് മുതൽ സമ്പൂർണ പണിമുടക്ക്
കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിൽ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദാരുണ സംഭവത്തിനു ശേഷം തൊഴിലിടങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം ചൊവ്വാഴ്ച മുതൽ വീണ്ടും ശക്തമാക്കും. ആഗസ്റ്റ് ഒമ്പതിന് ഡോക്ടർ കൊല്ലപ്പെട്ടതിനു ശേഷം സംസ്ഥാന വ്യാപകമായി തുടങ്ങിയ സമരം കാരണം ആശുപത്രികൾ പലതും പ്രവർത്തനം സ്തംഭിച്ചിരുന്നു.
സുരക്ഷിതത്വം സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാർ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വീണ്ടും സമരത്തിനിറങ്ങുന്നത്. ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് 42 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച് സെപ്റ്റംബർ 21 മുതൽ ഡോക്ടർമാർ ഭാഗികമായി ജോലിയിൽ പ്രവേശിച്ചിരുന്നു.
മുഖ്യമന്ത്രി മമത ബാനർജി സമരക്കാരുമായി പലവട്ടം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡോക്ടർമാർ സമരത്തിൽനിന്ന് ഭാഗികമായി പിൻമാറിയത്. ‘കൂടിക്കാഴ്ചയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ഒരു ശ്രമവും നടക്കുന്നില്ല. ഈ സാഹചര്യത്തിൽ തങ്ങൾക്ക് മറ്റ് മാർഗമില്ലെന്ന്’ സമരക്കാർ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ദുർഗാപൂജയുടെ തുടക്കം കുറിക്കുന്ന ഗാന്ധി ജയന്തി, മഹാലയ എന്നിവയോട് അനുബന്ധിച്ച് ഒക്ടോബർ രണ്ടിന് നഗരത്തിൽ ഒരു വലിയ പ്രതിഷേധ റാലി നടത്തുമെന്നും ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട്.