മനീഷ് സിസോദിയ്ക്ക് വീണ്ടും സിബിഐ നോട്ടീസ്
മദ്യനയ അഴിമതിക്കേസില്‍ സിസോദിയയെ വിടാതെ സിബിഐ. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ്ക്ക് സിബിഐ വീണ്ടും നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിന് നാളെ എത്താനാണ് നിർദ്ദേശം. സിസോദിയ തന്നെയാണ് ഇക്കാര്യം വിശദമാക്കി ട്വീറ്റ് ചെയ്തത്. സിബിഐ നാളെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എനിക്കെതിരായി സിബിഐ, ഇഡി എന്നിവയെ പൂര്‍ണ ബലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയാണ്.
വീട്ടില്‍ റെയ്ഡ്, ബാങ്ക് ലോക്കര്‍ പരിശോധിക്കുന്നു എന്നാല്‍ ഒരിടത്തും തനിക്കെതിരായ തെളിവുകള്‍ ലഭ്യമായിട്ടില്ല. ഡല്‍ഹിയിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികള്‍ രൂപീകരിച്ചത് നിര്‍ത്താനായാണ് അവര്‍ ശ്രമിക്കുന്നത്. താന്‍ അന്വേഷണത്തോടെ പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്, തുടര്‍ന്നും സഹകരിക്കുമെന്നും സിസോദിയ ട്വീറ്റില്‍ വിശദമാക്കുന്നു.
ഡല്‍ഹി സംസ്ഥാനത്തെ ചില്ലറ മദ്യവിൽപ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയ ഡല്‍ഹി എക്സൈസ് നയം 2021-22 വലിയ വിവാദമായിരുന്നു. ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടന്നുവെന്നാരോപിച്ചാണ് സിബിഐ ഫയല്‍ ചെയ്തിരിക്കുന്ന ഇപ്പോഴത്തെ അഴിമതി കേസ്.
ലൈസൻസ് സ്വന്തമാക്കുന്നവര്‍ക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസിൽ ഇളവ്/കുറവ്, കൈക്കൂലി വാങ്ങി എൽ-1 ലൈസൻസ് നീട്ടി നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇതില്‍ ഉയരുന്നത്. ഈ നയം രൂപീകരിച്ച് നടപ്പിലാക്കുന്നതിലൂടെ പൊതുപ്രവര്‍ത്തകര്‍ അടക്കം അനധികൃത ആനുകൂല്യങ്ങള്‍ കൈപറ്റിയെന്നാണ് സിബിഐ ആരോപിക്കുന്നത്.