Begin typing your search...

'ത്രികോണ മത്സരത്തിന് ഡൽഹി'; രാജ്യതലസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി

ത്രികോണ മത്സരത്തിന് ഡൽഹി; രാജ്യതലസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യതലസ്ഥാനത്ത് വിധിയെഴുത്ത് തുടങ്ങി. 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിനായി ഡൽഹി പോളിങ് ബൂത്തിലേക്ക്. ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡൽഹി വേദിയാകുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം. 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വമ്പൻ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. 10 വർഷമായി സീറ്റൊന്നും കിട്ടാത്ത കോൺഗ്രസിനും 27 വർഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്.

അധികാരത്തിലെത്തിയാൽ വമ്പൻ വാഗ്ദാനങ്ങളാണു പാർട്ടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. സൗജന്യങ്ങളും ഇളവുകളുമാണു പ്രകടനപത്രികകളുടെ മുഖമുദ്രകൾ. നികുതി അടയ്ക്കാത്ത സ്ത്രീകൾക്ക് മാസം 21,000 രൂപ നൽകുമെന്നതാണ് എഎപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. സ്ത്രീകൾക്കു സൗജന്യ ബസ് യാത്രയടക്കമുള്ള വാഗ്ദാനങ്ങൾ വേറെ. മഹിള സമൃദ്ധി യോജനയിലൂടെ മാസം 2,500 രൂപയാണു ബിജെപി വാഗ്ദാനം. സാമ്പത്തികമായി പിന്നാക്കമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് 50,000 രൂപ, ഗർഭിണികൾക്ക് 21,000 രൂപയും സൗജന്യ കാൻസർ പരിശോധനകളും തുടങ്ങിയവയും പട്ടികയിലുണ്ട്.

തൊഴിൽരഹിതരായ സ്ത്രീകൾക്കു പ്യാരി ദീദി യോജന വഴി 2,500 രൂപയാണു കോൺഗ്രസിന്റെ വാഗ്ദാനം. ഓരോ കുടുംബത്തിനും 500 രൂപയ്ക്ക് എൽപിജി സിലിണ്ടറും പഞ്ചസാര, അരി, പാചക എണ്ണ എന്നിവ അടങ്ങിയ റേഷൻ കിറ്റുകളും നൽകും. സർക്കാർ ജോലികളിൽ 33% സംവരണവും സ്ത്രീ സുരക്ഷയ്ക്കായി 181 ഹെൽപ് ലൈൻ നമ്പർ പുനഃസ്ഥാപിക്കുമെന്നും പാർട്ടി പറയുന്നു.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പും തൂത്തുവാരിയ എഎപിയെ ഇത്തവണ ചൂഴ്ന്നുനിൽക്കുന്നത് അഴിമതിയുടെ കറകളാണ്. ആഡംബര വസതി വിവാദവും മദ്യനയ അഴിമതിയും എഎപി സർക്കാരിന്റെ നിറംകെടുത്തിയിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എട്ട് എംഎൽഎമാർ രാജിവച്ചു ബിജെപിയിൽ ചേർന്നതും എഎപിക്ക് തിരിച്ചടിയായി. എഎപിയുടെ വീഴ്ചകൾ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വമ്പൻ തിരഞ്ഞെടുപ്പ് റാലികളാണ് എഎപി ഡൽഹിയിൽ സംഘടിപ്പിച്ചിരുന്നത്.

WEB DESK
Next Story
Share it