ദളിത് കുടുംബത്തെ കബളിപ്പിച്ച് ഇലക്ട്രൽ ബോണ്ട് വാങ്ങി; ബിജെപി 10 കോടി രൂപ തട്ടിയെന്ന് പരാതി
ആദായ നികുതി വകുപ്പ് കേസ് പറഞ്ഞു ഭയപ്പെടുത്തിയും ഇരട്ടി ലാഭം വാഗ്ദാനം ചെയ്തും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ 11 കോടിയിലേറെ രൂപയുടെ ബോണ്ട് എടുപ്പിച്ചെന്ന് ആരോപണവുമായി ദലിത് കർഷക കുടുംബം. ഇതിൽ 10 കോടിയും ബി.ജെ.പി സ്വന്തമാക്കിയെന്നും പരാതിയിൽ പറയുന്നു. ഗുജറാത്തിലെ കച്ചിലുള്ള അഞ്ജർ സ്വദേശികളാണ് തട്ടിപ്പിന് ഇരയായത്.
ഇലക്ടറൽ ബോണ്ടിലെ വിചിത്രകരമായ മറ്റൊരു തട്ടിപ്പ് കഥ 'ദി ക്വിന്റ്' വെബ് പോർട്ടലാണ് പുറത്തുകൊണ്ടുവന്നത്. 2023 ഒക്ടോബർ 11നാണ് സവാകര മാൻവറിന്റെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരിൽ അദാനി ഗ്രൂപ്പിനു കീഴിലുള്ള വെൽസ്പൺ എന്റർപ്രൈസസിൽ സീനിയർ ജനറൽ മാനേജറായ മഹേന്ദ്ര സിങ് സോധ 11,00,14,000 രൂപയുടെ ഇലക്ടോറൽ ബോണ്ട് വാങ്ങിയത്. ഒക്ടോർ 16ന് ഇതിൽ 10 കോടിയും ബി.ജെ.പി സ്വന്തമാക്കി. ബാക്കി ഒരു കോടിയിലേറെ വരുന്ന തുക രണ്ടു ദിവസം കഴിഞ്ഞ് ശിവസേനയും സ്വീകരിച്ചു.
43,000 ചതുരശ്ര മീറ്റർ വരുന്ന അഞ്ജറിലെ തങ്ങളുടെ കൃഷിഭൂമി വെൽസ്പൺ ഏറ്റെടുത്തിരുന്നുവെനന് മാൻവറിന്റെ മകൻ ഹരേഷ് സവകാര പറയുന്നു. സ്ഥലം ഏറ്റെടുപ്പിനുള്ള നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പിക്ക് നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും വലിയ തുക ആദായ നികുതി വകുപ്പിന്റെ കേസിനും പ്രശ്‌നങ്ങൾക്കും ഇടയാക്കുമെന്ന് നഷ്ടപരിഹാരം തന്ന സമയത്ത് വെൽസ്ൺ മാനേജർ മഹേന്ദ്ര സിങ് സോധ ചൂണ്ടിക്കാട്ടി. ഇതു മറികടക്കാനെന്നു പറഞ്ഞ് ഇലക്ടറൽ ബോണ്ട് പദ്ധതിയെ കുറിച്ച് പരിചയപ്പെടുത്തി. അഞ്ചു വർഷം കൊണ്ട് ഈ തുകയുടെ 1.5 ഇരട്ടി ലഭിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. വിദ്യാഭ്യാസമില്ലാത്തവരായത് കൊണ്ട് ഇത്തരമൊരു പദ്ധതിയെ കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്നും അതിനാൽ തങ്ങളെ വേഗത്തിൽ കബളിപ്പിക്കാനായെന്നും ഹരേഷ് പറയുന്നു.