നാശംവിതച്ച് സിട്രോങ് ചുഴലിക്കാറ്റ്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം
ബംഗ്ലാദേശിൽ നാശംവിതച്ച സിട്രോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാനിർദേശം. അസം, മേഘാലയ, മിസോറം, ത്രിപുര, അരുണാചൽ പ്രദേശ്, മണിപ്പുർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പല ഭാഗത്തും മഴ തുടരുകയാണ്.
രണ്ടു ദിവസേത്തേക്കെങ്കിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ത്രിപുര, മിസോറം, മേഘാലയ,മണിപ്പൂർ, വടക്കേ അസം എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു.
ബംഗ്ലദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളില്ലെലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് വടക്കുകിഴക്കൻ മേഖലകളിലെ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. ഇംഫാൽ-ഷില്ലോങ്ങ്, അഗർത്തല-കൊൽക്കത്ത, ഡൽഹി-അഗർത്തല ഉൾപ്പെടെ പത്തോളം വിമാനങ്ങളാണ് റദ്ദാക്കിയത്. ട്രെയിൻ ഗതഗാതത്തെയും ബാധിച്ചിട്ടുണ്ട്. ബംഗ്ലദേശിൽ സിട്രോങ് ചുഴലിക്കാറ്റിൽ ഏഴു മരണം റിപ്പോർട്ടു ചെയ്തു.