Begin typing your search...

ബിപോർജോയ് വൈകിട്ടോടെ ഗുജറാത്തിൽ കരതൊടും; ഒരുലക്ഷം പേരെ ഒഴിപ്പിച്ചു

ബിപോർജോയ് വൈകിട്ടോടെ ഗുജറാത്തിൽ കരതൊടും; ഒരുലക്ഷം പേരെ ഒഴിപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'ബിപോർജോയ്' ഇന്നു വൈകീട്ട് നാലിനും അഞ്ചിനും ഇടയിൽ ഗുജറാത്ത് തീരത്ത് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുൻകരുതൽ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകളിൽനിന്ന് 74,343 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

നിലവിൽ ഗുജറാത്ത് തീരത്തുനിന്ന് 180 കിലോമീറ്റർ അകലെയുള്ള ബിപോർജോയ് നാല് മണിയോടെ സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേർന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാകിസ്താൻ തീരത്തുമായി കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 125 -135 കിലോമീറ്ററിൽ വീശുന്ന കാറ്റ് 150 കിലോമീറ്റർവരെ വേഗം കൈവരിച്ചേക്കും.

വ്യാഴാഴ്ച രാവിലെ മുതൽ സൗരാഷ്ട്ര-കച്ച് മേഖലയിൽ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. കാറ്റിൽ മരങ്ങൾ കടപുഴകി വീണ് പലയിടത്തും നാശനഷ്ടവുമുണ്ടായി. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. വരുംമണിക്കൂറിലും ഗുജറാത്തിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ബിപോർജോയ് കൂടുതൽ നാശംവിതയ്ക്കുമെന്ന് കരുതുന്ന കച്ച് ജില്ലയിലെ തീരപ്രദേശത്തുനിന്ന് മാത്രം 34,300 പേരെ മാറ്റിപ്പാർപ്പിച്ചു. ജാംനഗറിലും മോർബിയിലും ഏകദേശം പതിനായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 76 ട്രെയിൻ സർവീസുകൾ പൂർണമായും 67 എണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

മുൻകരുതൽ നടപടികളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ 18 സംഘങ്ങളേയും സംസ്ഥാന ദുരന്ത നിവാരണ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനായി 15 കപ്പലുകളും ഏഴ് വിമാനങ്ങളും ഹെലികോപ്റ്റകളും നിരവധി ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.

WEB DESK
Next Story
Share it