പശ്ചിമ ബംഗാളിൽ ക്രൂഡ് ബോംബ് സ്ഫോടനം ; ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു
പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ ക്രൂഡ് ബോംബ് സ്‌ഫോടനത്തിൽ ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. പാണ്ഡുവയിലുണ്ടായ സ്‌ഫോടനത്തിൽ പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് ആൺകുട്ടികൾക്കും ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പാണ്ഡുവയിലെ നേതാജിപള്ളി കോളനിയിലെ ഒരു കുളത്തിനരികിൽ ഒരു കൂട്ടം കുട്ടികൾ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയിൽ ഇവിടെയുള്ള ഒരു കുഴിയിൽ കുട്ടികൾ സ്‌ഫോടകവസ്തു കണ്ടെത്തുകയായിരുന്നു. പെട്ടെന്ന് തന്നെ പ്രദേശത്ത് വലിയ ശബ്ദം കേൾക്കുകയും പരിസരവാസികൾ ഓടിയെത്തുകയും ചെയ്തു. സ്ഥലത്തെത്തിയവർ കുട്ടികളെ അബോധാവസ്ഥയിലാണ് കണ്ടത്. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരാൾ മരിച്ചിരുന്നു.
രാജ് ബിശ്വാസ് എന്ന കുട്ടിയാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബല്ലവ് (13), സൗരവ് ചൗധരി (8) എന്നിവർക്കാണ് പരിക്കേറ്റത്. അതേസമയം, ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുട്ടികളെ ആദ്യം പാണ്ഡുവ ആശുപത്രിയിൽ എത്തിച്ചവെങ്കിലും ബിശ്വാസ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ നില ഗുരുതരമായതിനാൽ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഹൂഗ്ലി റൂറൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.