പാർട്ടി ഓഫീസിൽ മിശ്രവിവാഹം; തമിഴ്നാട്ടിൽ സിപിഎം ഓഫിസ് അടിച്ചുതകർത്തു
മിശ്രവിവാഹത്തെ പിന്തുണച്ചു എന്നാരോപിച്ച് തിരുനെൽവേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർത്ത് പ്രബല ജാതിക്കാർ. തിരുനെൽവേലി സ്വദേശികളായ യുവാവിൻ്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസിൽ വച്ച് നടത്തിയിരുന്നു. ഇതിൽ പ്രകോപിതരായ പെൺവീട്ടുകാരാണ് ഓഫിസ് അടിച്ചു തകർത്തത്.
ദളിത് യുവാവുമായി പ്രബലജാതിയിൽപ്പെട്ട പെൺകുട്ടിയുടെയും വിവാഹമാണ് പാർട്ടി ഇടപെട്ട് നടത്തിയത്. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. മുപ്പതോളം പേർ അടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ച് കയറി പാർട്ടിപ്രവത്തകരെ ആക്രമിക്കുകയും ഓഫീസ് തല്ലി തകർക്കുകയുമായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമാണ് സിപിഎം ഓഫീസിലെത്തി അക്രമം അഴിച്ച് വിട്ടതെന്ന് സിപിഎം പ്രതികരിച്ചു. സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റു. ഓഫിസിൻ്റെ ചില്ലുകളും ഫർണിച്ചറുകളുമെല്ലാം നശിപ്പിച്ചു. പാർട്ടി ഓഫിസിലുണ്ടായിരുന്ന പ്രവർത്തകരെയും ആക്രമിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ തിരുനെൽവേലി പൊലീസ് കേസെടുത്തിട്ടുണ്ട്.