ഹിന്ദുത്വ, വര്‍ഗീയ വിഷയങ്ങളിൽ കോണ്‍ഗ്രസുമായി അകലം പാലിക്കണം; സോഷ്യലിസം മുഖമുദ്രയാക്കി മുന്നേറ്റം നടത്തണം: സിപിഎം കരട് റിപ്പോര്‍ട്ട്
ഹിന്ദുത്വ, വര്‍ഗീയ വിഷയങ്ങളിലും സാമ്പത്തിക നയങ്ങളിലും കോണ്‍ഗ്രസുമായി അകലം പാലിക്കണമെന്നു ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ റിപ്പോര്‍ട്ട്. ഹിന്ദുത്വ വര്‍ഗീയതയുമായി ബന്ധപ്പെട്ട് പല വിഷയങ്ങളും ഉയര്‍ന്നു വരുമ്പോള്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളോടു യോജിച്ചു പോകാന്‍ ഇടതു പാര്‍ട്ടികള്‍ക്കു കഴിയില്ല. ‘ഇന്ത്യ’ സഖ്യ രൂപീകരണം വിജയമാണെങ്കിലും അതിന്റെ പ്രവര്‍ത്തനം പാര്‍ലമെന്റിലും ചില തിരഞ്ഞെടുപ്പുകളിലും ഒതുങ്ങണമെന്നാണ് കരട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സോഷ്യലിസം മുഖമുദ്രയാക്കി മുന്നേറ്റം നടത്തണം. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോടും മൃദു ഹിന്ദുത്വ നിലപാടുകളോടും ശക്തമായി വിയോജിക്കണം. ഹിന്ദുത്വ ശക്തികളുടെ നയങ്ങളെ തുറന്നു കാട്ടുന്നതിനൊപ്പം ഇസ്ലാമിക മതമൗലിക വാദത്തെയും ശക്തമായി ചെറുക്കണം. ഇടതു പാര്‍ട്ടികളുടെ ഐക്യത്തിന് പ്രാധാന്യം നല്‍കണം. സിപിഎമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും ശക്തിക്ഷയം സംഭവിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മെച്ചമുണ്ടായി. കേരളത്തില്‍ ഒറ്റയ്ക്കു മത്സരിച്ചു ജയിച്ചത് മാത്രമാണ് സിപിഎമ്മിന്റെ യഥാര്‍ഥ ശക്തിയെന്നും രാജസ്ഥാനില്‍ ഉള്‍പ്പെടെ മറ്റിടങ്ങളില്‍ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് സീറ്റുകള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ പ്രമേയം ജനുവരിയിലേ ചര്‍ച്ച ചെയ്യൂവെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്ന് പിബി അംഗമായ എംഎ ബേബി പറഞ്ഞു.