Begin typing your search...

രൂപം മാറിയിട്ടുണ്ടാവും; അമൃത്പാലിന്റെ പല രൂപത്തിലുള്ള ചിത്രം പുറത്തുവിട്ട് പൊലീസ്

രൂപം മാറിയിട്ടുണ്ടാവും; അമൃത്പാലിന്റെ പല രൂപത്തിലുള്ള ചിത്രം പുറത്തുവിട്ട് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖലിസ്ഥാൻ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാൽ സിങ്ങിനായുള്ള തിരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ് പഞ്ചാബ് പൊലീസ്. ജനങ്ങൾക്ക് തിരിച്ചറിയാനായി അമൃത്പാലിന്റെ പല ലുക്കിലുള്ള ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. തലപ്പാവ് ഇല്ലാത്തതും ക്ലീൻ ഷേവ് ചെയ്തതുമായ ചിത്രങ്ങളാണു പുറത്തുവിട്ടത്.

കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ഖലിസ്ഥാൻ നേതാവിനെ പിടികൂടാനാകാത്തതിൽ കഴിഞ്ഞ ദിവസം പഞ്ചാബ് ഹരിയാന ഹൈക്കോടതി, പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 80,000 പൊലീസ് ഉണ്ടായിട്ടും അമൃത്പാൽ എങ്ങനെ രക്ഷപ്പെട്ടുവെന്നു കോടതി ചോദിച്ചു.

അതേസമയം, അമൃത്പാൽ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ എസ്‌യുവിയിൽ സഞ്ചരിച്ച അമൃത്പാൽ ഷാഹ്കോട്ടിൽ വച്ച് മറ്റൊരു വാഹനത്തിലേക്കു യാത്ര മാറ്റി. എസ്‌യുവി പഞ്ചാബിലെ ലഹരിമരുന്നു മാഫിയ നേതാവ് സമ്മാനിച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ വാഹനത്തിൽ 11.27ന് അമൃത്പാൽ ജലന്തറിലെ ടോൾ ബൂത്ത് കടക്കുന്നതു വിഡിയോയിൽ കാണാം.

പൊലീസ് തിരിച്ചറിയാതിരിക്കാൻ യുവാവ് വസ്ത്രവും മാറിയിരുന്നു. പിന്നീട് ഗുരുദ്വാരയിലെത്തി വീണ്ടും വസ്ത്രം മാറി ബൈക്കിൽ രക്ഷപ്പെടുന്നതിന്റെ വിഡിയോയും പൊലീസിനു ലഭിച്ചു. അമൃത്പാൽ സഞ്ചരിച്ച കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സഹായികളായ 4 പേരെയും അറസ്റ്റ് ചെയ്തു. ഇതോടെ അമൃത്പാലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 120 ആയി. അസമിലും അമൃത്പാലിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കേസ് ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) ഏൽപിക്കുന്നതു കേന്ദ്രം പരിഗണിക്കുന്നുണ്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള കേസ് എന്ന നിലയിലാണു പഞ്ചാബ് പൊലീസിൽനിന്ന് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി അമൃത്‍പാലിനും അനുയായികൾക്കുമെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു. നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനാണു കേസ്. അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ പഞ്ചാബിൽ മൂവായിരത്തോളം അർധസേനാംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇന്റർനെറ്റ്, എസ്എംഎസ് വിലക്ക് ബുധനാഴ്ച ഉച്ചവരെ നീട്ടി.

അമൃത്പാലിന്റെ വലംകയ്യും ബന്ധുവുമായ ഹർജിത് സിങ്, ഡ്രൈവർ ഹർപ്രീത് സിങ് എന്നിവർ ഞായറാഴ്ച രാത്രി ജലന്തർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഹർജിത്തിൽനിന്ന് തോക്ക്, 1.25 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ഹർജിത് അടക്കം 5 പേർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. അമൃത്പാലിനെ പാക്ക് ചാരസംഘടന സഹായിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നു പഞ്ചാബ് പൊലീസ് ഐജി: സുഖ്ചെയ്ൻ സിങ് ഗിൽ പറഞ്ഞു.

Elizabeth
Next Story
Share it