ഡൽഹിയിൽ ഒരു ദിവസം കൊണ്ട് 100 സ്ഫോടനങ്ങൾ നടത്താൻ ഗൂഢാലോചന ; കേസിൽ ദമ്പതികൾ കുറ്റക്കാരെന്ന് കോടതി , ഭർത്താവിന് 20 വർഷവും ഭാര്യയ്ക്ക് 14 വർഷവും തടവ് ശിക്ഷ
രാജ്യതലസ്ഥാനത്ത് ഒറ്റ ദിവസം 100 സ്‌ഫോടനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദമ്പതികൾ കുറ്റക്കാരെന്ന് കോടതി. ജമ്മു കശ്മീർ സ്വദേശി ജഹാൻജെബ് സാമിയും ഭാര്യ ഹിന ബഷീർ ബെയ്‌ഗും കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കി. സാമിക്ക് 20 വർഷം ജയിൽ ശിക്ഷയും ഹിന ബഷീറിന് 14 വർഷം ശിക്ഷയും വിധിച്ചു. ഐസിസ് ദമ്പതികൾ എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. ഐഎസുമായി ബന്ധം സ്ഥാപിച്ച് രാജ്യത്ത് ഖിലാഫത്ത് സ്ഥാപിക്കാൻ ശ്രമിച്ചവരാണ് ജമ്മു കശ്മീർ സ്വദേശി ജഹാൻജെബ് സാമിയും ഭാര്യ ഹിന ബഷീർ ബെയ്‌ഗുമെന്നും ഇതിനായി ഡൽഹിയിൽ ഒറ്റ ദിവസം 100 സ്‌ഫോടനങ്ങൾ നടത്താൻ ദമ്പതികൾ പദ്ധതി തയ്യാറാക്കിയെന്നുമായിരുന്നു ഇവർക്കെതിരെ ആരോപിച്ച കേസ്.
ബിടെക്, എംബിഎ ബിരുദധാരിയാണ് സാമി. ബ്രിട്ടീഷ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഡൽഹിയിലെത്തിയത്. ഹിന ബെയ്ഗ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദവും എംബിഎയും നേടിയിട്ടുണ്ട്. 2019ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ, പൗരത്വ ഭേദഗതി ബിൽ പാസാക്കിയ ശേഷം, സമിയും ഹിനയും കൂടുതലും വീടിനുള്ളിൽ തന്നെ കഴിയുകയായിരുന്നുവെന്നും ഈ സമയം അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും ഐസിസ് നേതാക്കളുമായി ഓൺലൈനിൽ ബന്ധപ്പെടുകയും അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തുവെന്നുമാണ് കേസ്.
സൈബർ ലോകത്ത് ഹന്നാബി, കതിജ അൽ കശ്മീരി എന്നീ പേരുകളിലാണ് ഹിന പ്രവർത്തിച്ചിരുന്നതെന്നും എൻഐഎ പറയുന്നു. സായിബ്, അബു അബ്ദുല്ല, അബ്ദുല്ല മുഹമ്മദ് അൽ ഹിന്ദ് എന്നീ പേരുകളിലാണ് സാമി പ്രവർത്തിച്ചിരുന്നത്. 2019ലാണ് ദമ്പതികൾ തീവ്രവാദ പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിലും 2020 മാർച്ച് 8 ന് ഇരുവരെയും അറസ്റ്റ് ചെയ്തു. പിന്നീട് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. നാല് വർഷത്തിന് ശേഷമാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുന്നത്. സമിയെ മൂന്ന് മുതൽ 20 വർഷം വരെ തടവിന് ശിക്ഷിച്ചു. ഏഴ് വർഷം വീതമുള്ള രണ്ട് ശിക്ഷയാണ് ബെയ്ഗിന് വിധിച്ചത്.