Begin typing your search...

'മോദി പണം നൽകുന്നത് അദാനിക്ക്, കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിലെത്തും'; രാഹുൽ ​ഗാന്ധി

മോദി പണം നൽകുന്നത് അദാനിക്ക്, കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിലെത്തും; രാഹുൽ ​ഗാന്ധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി അദാനിക്ക് പണം നൽകുന്നു, എന്നാൽ കോൺ​ഗ്രസ് ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കും നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ ​ഗാന്ധി. അയോ​ഗ്യനാക്കിയതിന് ശേഷം കോലാറിലെത്തിയ രാഹുൽ ​ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.

കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്കായി എന്തു ചെയ്യും എന്ന ചോദ്യം കുറച്ച് ദിവസമായി കേൾക്കുന്നുണ്ട്. ഹിമാചൽ അടക്കം നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കൾ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങൾ നൽകൂ, അത് ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ നടപ്പാക്കൂ എന്നാണ് താൻ പറഞ്ഞത്. ഇത് തന്നെയാണ് തനിക്ക് കർണാടക നേതാക്കളോടും പറയാനുള്ളത്.

4 വാഗ്ദാനങ്ങൾ ഞങ്ങൾ നിങ്ങൾക്ക് തന്നു. ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി ഇവയെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കും. മോദി ആയിരക്കണക്കിന് കോടി അദാനിക്ക് കൊടുക്കുമ്പോൾ ഞങ്ങൾ പാവപ്പെട്ടവർക്ക് ആ പണം നൽകുന്നു. ബിജെപി സർക്കാർ എന്ത് ചെയ്തു? 40% കമ്മീഷൻ വിഴുങ്ങി. പാവപ്പെട്ടവരുടെ പണം കട്ടു. ഇത് ഞാൻ അല്ല പറഞ്ഞത്, കോൺട്രാക്ടർമാരുടെ അസോസിയേഷൻ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയതാണ്. ഇന്ന് വരെ മോദി അതിന് മറുപടി നൽകിയോ? മറുപടി നൽകാത്തത്തിന് അർത്ഥം ഇവിടെ അഴിമതി നടക്കുന്നു എന്ന് മോദിക്ക് അറിയാം എന്നത് തന്നെയാണ്. കർണാടകയിൽ ജോലി തട്ടിപ്പുകൾ വ്യാപകമാണ്. ഇതെല്ലാം നിങ്ങൾ സഹിച്ചു. അദാനിയെക്കുറിച്ച് പ്രധാനമന്ത്രിയോട് ഞാൻ ചോദിച്ചപ്പോൾ എന്റെ മൈക്ക് ഓഫ് ചെയ്തു. ഞാനെന്താണ് ചോദിച്ചത്?. അദാനിയും മോദിയും തമ്മിൽ എന്താണ് ബന്ധം എന്നാണ് ഞാൻ ചോദിച്ചത്. പാർലമെന്റിൽ ഞാൻ ഒരു ഫോട്ടോ കാണിച്ചു. അദാനിയുടെ വിമാനത്തിൽ, സ്വന്തം വീട്ടിൽ ഇരിക്കുന്നത് പോലെ മോദി ഇരിക്കുന്ന ഫോട്ടോ കാണിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അദാനിക്ക് തീറെഴുതുന്നു. വിമാനത്താവളങ്ങളുടെ നടത്തിപ്പിന് പരിചയം വേണമെന്ന് നിയമമുണ്ട്. ആ പ്രവർത്തി പരിചയം അദാനിക്കുണ്ടോ? ഓസ്ട്രേലിയയിൽ മോദി പോയ വേദിയിൽ അദാനിയും എസ്ബിഐ ബോർഡ് അംഗവും ഉണ്ടായി. അതിന് ശേഷം എസ്ബിഐ അദാനിക്ക് ആയിരം കോടി ലോൺ നൽകി. പ്രധാനമന്ത്രി ഏത് വിദേശ രാജ്യങ്ങളിൽ പോയാലും അവിടത്തെ പ്രധാന കരാറുകൾ അദാനിക്ക് കിട്ടും.

അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപിക്കപ്പെട്ട 20,000 കോടി രൂപ ആരുടേതാണ്? ബിജെപി മന്ത്രിമാർ പാർലമെന്റ് തടസ്സപ്പെടുത്തി എന്നെപ്പറ്റി നുണ പറഞ്ഞു. എനിക്ക് മറുപടി പറയാൻ ഉണ്ടെന്ന് പല തവണ ഞാൻ സ്പീക്കർക്ക് കത്ത് എഴുതി. സംസാരിക്കാൻ അനുമതി കിട്ടിയില്ല. ഓഫിസിൽ നേരിട്ട് പോയും സ്പീക്കാറോട് അഭ്യർത്ഥിച്ചു. ചിരിച്ചു കൊണ്ട് തനിക്കൊന്നും ചെയ്യാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ജോലി നിർവഹിക്കണമെന്ന് ഞാൻ സ്പീക്കാരോട് അഭ്യർത്ഥിച്ചു.

അദാനിയുടെ വിഷയം പാർലമെന്റിൽ ഉയർത്തുന്നത് മോദി ഭയക്കുന്നു. അതിന് ശേഷമാണ് എന്നെ അയോഗ്യനാക്കിയത്. പാർലിമെന്റിൽ നിന്ന് എന്നെ പുറത്താക്കി ഭയപ്പെടുത്താം എന്നാണ് മോദി കരുതുന്നത്. എനിക്കൊരു പേടിയുമില്ല. വീണ്ടും ഞാൻ ചോദിക്കുന്നു. ആ ബിനാമിപ്പണം ആരുടേത്? നിങ്ങളും അദാനിയും തമ്മിൽ ബന്ധമെന്ത്? അതിന്റെ മറുപടി കിട്ടും വരെ എനിക്ക് വിശ്രമമില്ല. എന്നെ പുറത്താക്കൂ ജയിലിൽ ഇടൂ. എനിക്ക് ഭയമില്ല. അഴിമതിയുടെ ചിഹ്നമാണ് അദാനി.

രാജ്യത്തിന്റെ അടിസ്ഥാനവികസനം പൂർണമായും അദാനിക്ക് തീറെഴുതുന്നു. ആയിരക്കണക്കിന് കോടി രൂപ അദാനിയുടെ കമ്പനികളിൽ വന്നു വീഴുന്നു. അദാനിയുടെ ഷെൽ കമ്പനിയിൽ ചൈനീസ് ഡയറക്ടർ. പ്രതിരോധ മേഖലയിൽ കരാറുകൾ നേടി എടുക്കുന്ന അദാനിയുടെ കമ്പനിയിൽ ചൈനീസ് ഡയറക്ടർ എങ്ങനെ വന്നു.

ഞാൻ ഒബിസി വിഭാഗത്തെ അപമാനിച്ചു എന്ന് പറയുന്നു. നമുക്ക് ഒബിസി വിഭാഗത്തെ കുറിച്ച് സംസാരിക്കാം. താഴെത്തട്ടിൽ ഉള്ളവരുടെ ഏറ്റവും വലിയ പ്രശ്നം എന്താണ്? കേന്ദ്രസർക്കാർ സംവിധാനത്തിൽ വെറും 7% മാത്രം ഒബിസി സെക്രട്ടറിമാരേ ഉള്ളൂ. പ്രാതിനിധ്യത്തെ കുറിച്ച് സംസാരിക്കാം. യുപിഎ സർക്കാർ ജാതി സെൻസസ് നടത്തി. മോദി ഒബിസി അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ജാതി സെൻസസ് വിവരങ്ങൾ പുറത്ത് വിടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. നിങ്ങൾ ആ ജോലി ചെയ്യാതെ ഇരിക്കുന്നതാണ് ഒബിസികൾക്ക് അപമാനം. എസ് സി, എസ് ടി സംവരണത്തിന് 50% പരിധി വെച്ചത് മാറ്റൂ. സംവരണം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കൂ. കോൺഗ്രസ് സർക്കാർ കർണാടകത്തിൽ അധികാരത്തിൽ വരും. മോദി അദാനിക്ക് ബാങ്കുകളുടെ വാതിൽ തുറക്കും. ഞങ്ങൾ പാവപ്പെട്ടവർക്ക് മുന്നിൽ ബാങ്കുകളുടെ വാതിൽ തുറക്കും. കർണാടകയിൽ കോൺഗ്രസ്സ് ഒന്നാണ്. കൃത്യം ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിൽ വരണം. 40% കമ്മീഷൻ വാങ്ങിയ പൈസ കൊണ്ട് പല കളികളും ബിജെപി കളിക്കും. അത്‌ തടയാൻ 150 സീറ്റുകൾ കോൺഗ്രസിന് ഉറപ്പാക്കണമെന്നും രാഹുൽ പറഞ്ഞു.

Ammu
Next Story
Share it